കെ.സുധാകരന്റെ ആ‍ർഎസ്എസ് പ്രസ്താവനകൾ, വിവാദം ച‍‍ർച്ച ചെയ്യാൻ മുസ്ലീംലീ​ഗ് യോ​ഗം

മലപ്പുറം : കെ പി സി സി പ്രസിഡന്റ് കെ.സുധാകരൻ ആർഎസ്എസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകൾ ഇന്ന് മുസ്ലീം ലീഗ് ഉന്നതാധികാരി സമിതി,ഭാരവാഹി യോഗങ്ങളിൽ ചർച്ചയാകും.പാർട്ടി മെമ്പർഷിപ്പ് ക്യാമ്പയിൻ വിലയിരുത്തലാണ് അജണ്ടയെങ്കിലും സുധാകരന്റെ പരാമർശം പ്രധാന ചർച്ചയാകും. സുധാകരന്റെ പ്രസ്താവനകൾക്കെതിരെ രൂക്ഷ വിമർശനവുമായി നേതാക്കൾ രംഗത്തെത്തിയതിന്റെ പിന്നാലെയാണ് നേതൃയോഗം.

ആർ എസ് എസ് ശാഖയ്ക്ക് പണ്ട് സംരക്ഷണം നൽകിയെന്ന് കെ സുധാകരൻ പറഞ്ഞതാണ് ആദ്യ വിവാദ പ്രസം​ഗം. കെ.എസ്.യു.വിൽ പ്രവർത്തിക്കുമ്പോൾ കണ്ണൂർ എടക്കാട് മണ്ഡലത്തിലെ ചില ആർ.എസ്.എസ് ശാഖകൾ സംരക്ഷിക്കാൻ ആളെ അയച്ച്‌ സഹായം നൽകിയെന്നായിരുന്നു ആ പരമാർശം. ആർ എസ് എസ് ശാഖകൾക്കെതിരെ സി പി എം അക്രമം അഴിച്ച് വിട്ടപ്പോൾ പൗരൻമാരുടെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന ജനാധിപത്യപരമായ കടമ നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു പിന്നീട് അദ്ദേഹത്തിൻറെ വിശദീകരണം.

Top