മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് ചേരും; മുഈനലി തങ്ങള്‍ക്കെതിരെ നടപടിക്ക് സാധ്യത

കോഴിക്കോട്: വിവാദങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുസ്ലീം ലീഗ് നേതൃയോഗം ഇന്ന് ചേരും. മുഈനലി ശിഹാബ് തങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ലീഗ് യോഗം. അതേസമയം ചന്ദ്രികയിലെ മുഈനലി തങ്ങളുടെ ഇടപെടലുകള്‍ ഹൈദരലി ശിഹാബ് തങ്ങളുടെ പിന്തുണയോടെയാണെന്ന് സ്ഥിരീകരിക്കുന്ന ഹൈദരലി തങ്ങളുടെ കത്തും പുറത്ത് വന്നിട്ടുണ്ട്.

ഉച്ചക്ക് ശേഷം 3 മണിക്ക് മലപ്പുറത്ത് ലീഗ് ഒഫീസിലാണ് ഉന്നതാധികാര സമിതി യോഗം ചേരുക. സാദിഖലി തങ്ങളുടെ അധ്യക്ഷതയില്‍ ഉന്നതാധികാരസമിതി അംഗങ്ങളാണ് യോഗം ചേരുക.mueenയൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടായ മുഈനലി ശിഹാബ് തങ്ങള്‍ക്കെതിര ശക്തമായ നടപടി വേണമെന്ന് യൂത്ത് ലീഗ് ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ മുസ്ലീം ലീഗ് നേതൃത്വത്തോട് ആവശ്യപെട്ടിട്ടുണ്ട്.

മുഈനലി ശിഹാബ് തങ്ങള്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായതിനാല്‍ അച്ചടക്ക നടപടിയില്‍ അദ്ദേഹത്തിന്റെ അനുമതി കൂടി വാങ്ങേണ്ടി വരും. മുഈനലിയെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് പദവിയില്‍ നിന്നും നീക്കാനാണ് സാധ്യത. ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്നത്തെ യോഗത്തിലും പങ്കെടുക്കില്ല.

മുഈനലി തങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും മുഈനലിയുടെ അനുകൂലിച്ചും പ്രവര്‍ത്തകര്‍ രംഗത്ത് എത്തുന്നത് ലീഗ് നേതൃത്വത്തിന് പരിഗണിക്കേണ്ടി വരും. പാണക്കാട് കുടുംബത്തിലെ ഒരു അംഗത്തിനെതിരെ നടപടിയെടുക്കുന്നത് കീഴ്‌വഴക്കങ്ങള്‍ക്ക് എതിരാകും എന്നതും നടപടിക്ക് തടസമാകും.

Top