കാനം രാജേന്ദ്രന്‍ അന്തരിച്ചു എന്നത് അവിശ്വസനീയമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു എന്നത് അവിശ്വസനീയമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വളരെ അടുത്ത സുഹൃത്തിനെയാണ് നഷ്ടമായത്. നിരന്തരമായി ബന്ധപ്പെടുന്ന വ്യക്തിയായിരുന്നു. നിയമസഭയില്‍ ഒരുമിച്ചാണ് എത്തിയത്. സൗഹൃദം എല്ലാ കാലത്തും തുടര്‍ന്നിരുന്നു എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കാനം രാജേന്ദ്രന്‍ സൗമ്യനും സരസനുമായിരുന്നു. മൂര്‍ച്ചയുള്ള വാക്കുകള്‍ നര്‍മ്മരസം ചേര്‍ത്താണ് സഭയില്‍ അവതരിപ്പിച്ചിരുന്നത്. കാനത്തിന്റെ വാക്കുകള്‍ ലോകം ശ്രദ്ധിക്കുമായിരുന്നു. വ്യത്യസ്ത മുന്നണികളില്‍ ആയിരുന്നു എങ്കിലും അദ്ദേഹം മികച്ച നേതാവ് ആയിരുന്നു എന്ന് പറയാതെ വയ്യ. വളരെ അടുത്ത സുഹൃത്ത് ആയിരുന്നു. വിമര്‍ശനങ്ങളില്‍ പോലും സുഹൃത്ത് ബന്ധം തടസമായി വന്നിരുന്നു. അത്രമേല്‍ അടുപ്പം ഉണ്ടായിരുന്നു. ഈ മരണം ഒട്ടും പ്രതീക്ഷിച്ചില്ല. കാനം രാജേന്ദ്രന്റെ വേര്‍പാട് കേരളത്തെ ദുഃഖിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

 

Top