ആ ജനതയെ ‘ഇരുട്ടിലാക്കിയത് ‘ ഇവർ, മുസ്ലിം ലീഗ് നേതൃത്വം മറുപടി പറയണം

ല്ലാ വിഷയങ്ങളിലും രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ല എന്ന വാദം അംഗീകരിച്ചു കൊണ്ട് തന്നെ ചില കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായ കിളിനക്കോട് സംഭവത്തെ രാഷ്ട്രീയപരമായും നാം വിലയിരുതേണ്ടതുണ്ട്.

കാരണം ഒരു സംഘം കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് കിളിനക്കോട് നേരിട്ട അനുഭവമായും അതിനെ വൈകാരികമായി നേരിട്ട ചെറുപ്പക്കാരുടെ വികാരപ്രകടനമായും മാത്രം കാണാന്‍ സാധിക്കുന്നതല്ല ഇത്.

സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ പെണ്‍കുട്ടികള്‍ രണ്ടര മണിക്കൂറോളം വാഹനം കിട്ടാതെ കാത്ത് നിന്നതോടെയാണ് സംഭവത്തിന്റെ തുടക്കമെന്നോര്‍ക്കണം.

കൃത്യസമയത്ത് തന്നെ ഒരു വാഹനം തങ്ങള്‍ക്ക് കിട്ടിയിരുന്നുവെങ്കില്‍ ഇത്തരമൊരു സംഭവമേ ഉണ്ടാകില്ലായിരുന്നു എന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്. വിവാദമായ വീഡിയോയില്‍ തന്നെ ബസ് കാത്ത് നിന്ന് ഒടുവില്‍ കിലോമീറ്ററുകളോളം നടക്കേണ്ടി വന്ന ദുരവസ്ഥ പെണ്‍കുട്ടികള്‍ വ്യക്തമാക്കുന്നുണ്ട്. ആ ഗ്രാമത്തില്‍ വരുന്നവര്‍ ഒരു എമര്‍ജന്‍സിയുമായി വരണമെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു. കേവലം ഒരു തമാശയായി മാത്രം ഈ രണ്ട് ആക്ഷേപങ്ങളെയും കാണാന്‍ കഴിയില്ല.

പെണ്‍കുട്ടികള്‍ പറഞ്ഞത് പോലെ വലിയ യാത്രാ ദുരിതം നേരിടുന്ന ഒരു പ്രദേശമാണ് കിളിനക്കോട് എങ്കില്‍ അതിനു മറുപടി പറയാന്‍ മുസ്ലീം ലീഗ് നേതൃത്വത്തിനും പി.കെ കുഞ്ഞാലിക്കുട്ടിക്കും കെ.എന്‍.എ ഖാദറിനും ബാധ്യതയുണ്ട്.

ഇവിടെ ഇരുട്ടാണെങ്കില്‍ അവിടെ വെളിച്ചമെത്തിക്കേണ്ട ബാധ്യത ദീര്‍ഘകാലം സ്ഥലം എം.എല്‍.എയും മന്ത്രിയും ഇപ്പോള്‍ എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടിക്കുണ്ട്. ഇപ്പോള്‍ സ്ഥലം എം.എല്‍.എ ആയ കെ.എന്‍.എ ഖാദറിനും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാവില്ല.

പരമ്പരാഗതമായി മുസ്ലീം ലീഗിന്റെ കോട്ടകൊത്തളമാണ് കിളിനക്കോട്. ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് വമ്പന്‍ ഭൂരിപക്ഷം നല്‍കി സ്ഥിരമായി വിജയിക്കാന്‍ കിളിനക്കോട് നിവാസികള്‍ നല്‍കിയ സംഭാവനയെ ലീഗ് നേതൃത്വത്തിന് നിഷേധിക്കാന്‍ കഴിയില്ല.

നല്ല റോഡുകള്‍ മാത്രമല്ല യാത്ര ചെയ്യാന്‍ വാഹനങ്ങളും ഏര്‍പ്പാട് ചെയ്യേണ്ടതും വികസനം എത്തിക്കേണ്ടതും ജനപ്രതിനിധികളുടെ കടമയാണ്. ആ കടമ മുസ്ലീം ലീഗിന്റെ ഇവിടെ നിന്നും വിജയിച്ച ജനപ്രതിനിധികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ഇന്ന് സമൂഹത്തിനു മുന്നില്‍ കിളിനക്കോട് എന്ന നാട് നാണം കെടില്ലായിരുന്നു.

ഏതാനും ചില വ്യക്തികള്‍ നടത്തിയ മോശം പ്രതികരണത്തിന് ഒരു നാടിനെത്തന്നെ സമൂഹമാധ്യമത്തില്‍ താറടിച്ച് സംസാരിച്ച പെണ്‍കുട്ടികളുടെ നടപടിയും നീതീകരിക്കാന്‍ കഴിയുന്നതല്ല. നിങ്ങളുടെ സുഹൃത്ത് അടക്കം അനവധി നല്ല മനുഷ്യര്‍ ജീവിക്കുന്ന നാടാണ് അതെന്ന് കൂടി സോഷ്യല്‍ മീഡിയകളില്‍ പ്രതികരണം നടത്തുന്നതിനു മുന്‍പ് ഓര്‍ക്കണമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത്തരം കാര്യങ്ങള്‍ എത്തിയാല്‍ അത് കൈവിട്ടു പോകുമെന്ന് കോളജ് വിദ്യാര്‍ത്ഥിനികളായ നിങ്ങള്‍ക്ക് ചിന്തിക്കാമായിരുന്നു.

പെണ്‍കുട്ടികള്‍ ഏത് സാഹചര്യത്തിലാണ് പ്രതികരണം നടത്തിയതെന്ന് പോലും ആലോചിക്കാതെ കേട്ടപാതി കേള്‍ക്കാത്ത പാതി അവരെ തെറി വിളിച്ച നാട്ടിലെ യുവ പ്രമാണിമാരുടെ നടപടിയും ഒരിക്കലും നീതീകരിക്കാന്‍ പറ്റാത്തത് തന്നെയാണ്.

ഒറ്റക്കാണ് ഒരു പെണ്‍കുട്ടി ആ സ്ഥലത്ത് മറ്റാരെങ്കിലുമായി തെറ്റായ രീതിയില്‍ കറങ്ങി നടന്നതെങ്കില്‍ വെറും ഒരു വാദത്തിനു വേണ്ടിയെങ്കിലും നിങ്ങളുടെ വാദം അംഗീകരിക്കാമായിരുന്നു.

എന്നാല്‍ ഇവിടെ ഒരു സംഘം വിദ്യാര്‍ത്ഥിനികളാണ് കിളിനക്കോട് അപമാനിക്കപ്പെട്ടത്. പെണ്‍കുട്ടികളുടെ കൂടെ സുഹൃത്തുക്കളായ ആണ്‍കുട്ടികള്‍ സെല്‍ഫിയെടുത്താല്‍ തന്നെ അതിലെന്താണ് തെറ്റ് ?

കിളിനക്കോടല്ല, ആ പ്രദേശത്ത് നിന്നും ഇത്തരത്തില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയവരുടെ മനസ്സിലേക്കാണ് എമര്‍ജന്‍സി തെളിക്കേണ്ടത്.

നവോത്ഥാന കേരളം കെട്ടിപ്പടുക്കാന്‍ നടത്തുന്ന വനിതാ മതില്‍ തകര്‍ക്കുമെന്ന് നിയമസഭയില്‍ പ്രസംഗിച്ച മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍ ആദ്യം തകര്‍ക്കേണ്ടത് നിങ്ങളുടെ ശക്തികേന്ദ്രത്തിലെ ഇരുട്ടിന്റെ മതിലാണ്. യഥാര്‍ത്ഥത്തില്‍ നവോത്ഥാന മതില്‍ ആദ്യം തുടങ്ങേണ്ടത് തന്നെ കിളിനക്കോട് നിന്നാണ്.

Express view

Top