Muslim league-kunjalikkutty-abdul vahab-samasta

തിരുവനന്തപുരം: തീരുമാനങ്ങളെല്ലാം സ്വയമെടുത്ത പ്രഖ്യാപനത്തിനു തങ്ങള്‍ക്കു വിടുക എന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ പതിവു തന്ത്രങ്ങള്‍ ഇത്തവണ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിലപ്പോയില്ല. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അടിയറവു പറഞ്ഞ കുഞ്ഞാലിക്കുട്ടിക്ക് നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം രാഷ്ട്രീയ തിരിച്ചടികൂടിയായി.

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ മുസ്‌ലിം ലീഗ് അധ്യക്ഷനായപ്പോഴുള്ള കിംങ് മേക്കര്‍ പ്രതിഛായ ഹൈദലി തങ്ങള്‍ അധ്യക്ഷനായതോടെ കുഞ്ഞാലിക്കുട്ടിക്കു നഷ്ടപ്പെട്ടിരിക്കുകയാണ്.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമിച്ച കുഞ്ഞാലിക്കുട്ടി പി.വി അബ്ദുല്‍വഹാബിനെ വെട്ടാന്‍ കിണഞ്ഞു ശ്രമിച്ചു. ഇതിനായി പാണക്കാട്ട് കുടുംബത്തില്‍ നിന്നുള്ള മുനവറലി ശിഹാബ് തങ്ങളെ വരെ രംഗത്തിറക്കി. എന്നാല്‍ സമസ്തയുടെയും ഹൈദരലി തങ്ങളുടെയും ഉറച്ച നിലപാടില്‍ രാജ്യസഭാ സീറ്റ് വ്യവസായിയായ പി.വി അബ്ദുല്‍വഹാബിനു തന്നെ ലഭിക്കുകയായിരുന്നു.

രാജ്യസഭാ സീറ്റ് നഷ്ടമായ മജീദിന് സുരക്ഷിതമായ നിയമസഭാ സീറ്റ് ഉറപ്പുവരുത്താനും ഐ.എന്‍.എല്ലില്‍ നിന്നെത്തിയ പി.എം.എ സലാമിന് സീറ്റു നല്‍കാനും ഇത്തവണ കുഞ്ഞാലിക്കുട്ടി കിണഞ്ഞു പരിശ്രമിച്ചിരുന്നു. ഒപ്പം കോണ്‍ഗ്രസ്- ലീഗ് തര്‍ക്കമുള്ള വേങ്ങര മണ്ഡലത്തില്‍ നിന്നും സ്വന്തം മണ്ഡലം ഉള്‍പ്പെടുന്ന മലപ്പുറത്തേക്കു മാറാനും ശ്രമിച്ചു. എന്നാല്‍ ഈ നീക്കം വിജയിച്ചില്ല. കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമാറ്റമോഹം തടയുകയും സലാമിനും മജീദിനും സീറ്റും നല്‍കിയതുമില്ല. ഇതിനു പുറമെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്ഥനായ കെ.എന്‍.എ ഖാദറിന് സീറ്റ് നിഷേധിക്കുകയും ചെയ്തു.

നേരത്തെ കാന്തപുരവുമായി സൗഹൃദത്തിനു ശ്രമിച്ച കുഞ്ഞാലിക്കുട്ടിയോട് മുസ്‌ലിം ലീഗിന്റെ വോട്ടുബാങ്കായ ഇ.കെ സമസ്തക്ക് കടുത്ത അതൃപ്തിയുണ്ട്. ഇതിനുപുറമെ സമസ്ത ശക്തമായി എതിര്‍ക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുമായി കുഞ്ഞാലിക്കുട്ടി പുലര്‍ത്തുന്ന അടുപ്പവും സമസ്തയുടെ കണ്ണിലെ കരടായിരിക്കുകയാണ്. കുഞ്ഞാലിക്കുട്ടിക്കു പകരം ഇപ്പോള്‍ പി.വി അബ്ദുല്‍വഹാബ് എം.പിയാണിപ്പോള്‍ ഹൈദരലി തങ്ങളുടെ വിശ്വസ്ഥന്‍. സമസ്തയുടെ നിലപാടുകള്‍ക്ക് മികച്ച പരിഗണന നല്‍കുന്ന ഹൈദരലി തങ്ങള്‍ പാര്‍ട്ടികാര്യങ്ങളില്‍ ലീഗ് ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദിനാണ് കുഞ്ഞാലിക്കുട്ടിയേക്കാള്‍ പരിഗണന നല്‍കുന്നത്.

Top