ആർഎസ്എസ് വേദിയിൽ മുൻ മുസ്‌ലീം ലീഗ് എംഎൽഎ കെ.എൻ.എ ഖാദർ

കോഴിക്കോട്: മുസ്‌ലീം ലീഗ് മുൻ എംഎൽഎ കെ.എൻ.എ ഖാദർ ആർഎസ്എസ് വേദിയിൽ . കോഴിക്കോട് കേസരിയിൽ സ്‌നേഹബോധി സാംസ്‌കാരിക സമ്മേളനത്തിൽ അദ്ദേഹം പങ്കെടുത്തു. ആർ എസ് എസിന്റെ നേരിട്ടുള്ള പരിപാടിയിലാണ് കെ എൻ എ ഖാദർ പങ്കെടുത്തത്. ഭഗവത് ഗീതയെയും ബുദ്ധനെയും ഉദ്ധരിച്ച് ആർ എസ് എസ് ബൗദ്ധികാചാര്യൻ നടത്തിയ പ്രസംഗത്തെ അഭിസംബോധന ചെയ്താണ് കെ എൻ എ ഖാദറിന്റെ പ്രസംഗം.

കെ.എൻ.എ.ഖാദറിനെ ആർഎസ്എസ് ദേശീയ നേതാവ് ജെ.നന്ദകുമാർ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ആഗ്രഹമുണ്ടെന്ന് വേദിയിൽ കെ.എൻ.എ.ഖാദർ തുറന്നു പറഞ്ഞു. ഉത്തരേന്ത്യയിലെ പല ക്ഷേത്രങ്ങളിലും പോയി. എന്തു കൊണ്ട് ഗുരുവായൂരിൽ ഇത് പറ്റുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.ഉത്തരേന്ത്യയിൽ ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളിൽ എനിക്ക് പോകാൻ സാധിച്ചിട്ടുണ്ട്. ഇവിടെ ഇപ്പോൾ പോകാൻ സാധിക്കില്ല. എന്തുകൊണ്ടാണ് എനിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ പോകാൻ കഴിയാത്തത് എന്ന ചോദ്യം ജെ.നന്ദകുമാറിന്റെ മുഖത്ത് നോക്കി അദ്ദേഹം ചോദിച്ചു.

നിലവിൽ മുസ്‌ലീം ലീഗിന്റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും മുൻ എംഎൽഎയുമാണ് കെ.എൻ.എ ഖാദർ. അതേസമയം, കെ എൻ എ ഖാദർ അടുത്തിനിടെയാണ് ലീഗ് നേതൃത്വവുമായി അസ്വരസ്യത്തിലായിരുന്നു. ഇപ്പോഴത്തെ ആർ എസ് എസ് വേദിയിലെ സാന്നിദ്ധ്യം പുതിയ പാർട്ടി തേടാനുള്ള നീക്കത്തിന്റെ ഭാഗമാണോ എന്ന നിരീക്ഷണവും ഉയരുന്നുണ്ട്. ആർ എസ് എസിന്റെ ബൗദ്ധിക കാഴ്ചപ്പാടുകളെ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്ന പ്രസംഗമാണ് കെ എൻ എ ഖാദർ നടത്തിയത്.

Top