മറ്റ് മതങ്ങളിൽപ്പെട്ട 100ലധികം ജനപ്രതിനിധികളുണ്ട്; പ്രവർത്തനം മതേതരം: സുപ്രീം കോടതിയിൽ മുസ്ലീംലീഗ്

ദില്ലി: കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിക്കെതിരെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്ത് മുസ്ലീം ലീഗ്. കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള നൂറിലധികം ജനപ്രതിനിധികൾ തങ്ങൾക്കുണ്ടെന്നും പാർട്ടിയുടെ പ്രവർത്തനം മതേതരമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ഏഴ് പതിറ്റാണ്ടുകൾക്കിടയിൽ മുസ്ലിം ഇതര വിഭാഗങ്ങളിൽ നിന്ന് നിരവധി പേരെ തെരഞ്ഞെടുപ്പുകളിൽ മത്സരിപ്പിച്ചിട്ടുണ്ട്. ലീഗിനെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിക്കാരനായ സയ്യദ് വാസിം റിസ്വിവിയുടെ യഥാർത്ഥ പേര് ജിതേന്ദ്ര നാരായൺ ത്യാഗി എന്നാണെന്നും മതഭ്രാന്തനായ ഇദ്ദേഹം രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം പടർത്തുന്ന വ്യക്തിയാണെന്നും ലീഗ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ വ്യക്തിയാണ് ഇയാളെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. ഹർജി തള്ളണമെന്നാണ് ലീഗ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. പാർട്ടി ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് അഭിഭാഷകൻ ഹാരീസ് ബീരാൻ വഴി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.

ഇതിനിടെ  സൗദി അറേബ്യ അടക്കമുളള ഇസ്ളാമിക രാജ്യങ്ങളേക്കാള്‍ മതസ്വാതന്ത്ര്യമുളള രാജ്യമാണ് ഇന്ത്യയെന്ന് സമസ്ത എപി വിഭാഗം സെക്രട്ടറി പൊന്‍മള അബ്ദുള്‍ ഖാദര്‍ മുസ്ല്യാരുടെ പ്രസ്താവനയോട് പ്രതികരിച്ച് മുസ്ലിം ലീഗ് നേതാക്കൾ രംഗത്തെത്തിയിരുന്നു. മുസ്ലീങ്ങൾ രാജ്യത്ത് വെല്ലുവിളികൾ നേരിടാത്തതിന്റെ കാരണം ഇന്ത്യയുടെ ഭരണഘടനയുടെ ശക്തിയാണെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടത്. അത് നിലനിർത്താനാണ് ലീഗിന്റെ അടക്കം പോരാട്ടമെന്നും അദ്ദേഹം വിശദീകരിച്ചു. രാജ്യത്തെ ജനാധിപത്യത്തിനും മതേതരത്വത്തിനും ചില ഭീഷണികൾ ഉണ്ടാകുന്നുണ്ട് എന്നാണ് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

Top