പൊന്നാനിയിൽ പിടിമുറുക്കി സി.പി.എം . . പൊന്നാപുരം കോട്ട പൊളിച്ചടുക്കുമെന്ന്

മുസ്ലീംലീഗിന്റെ പൊന്നാപുരം കോട്ടയില്‍ ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. സംസ്ഥാനത്ത് മുസ്ലീം ലീഗ് കുത്തകയാക്കി വച്ച മലപ്പുറത്തും പൊന്നാനിയിലും ഇത്തവണ കടുത്ത മത്സരമാണ് നടക്കുക. ന്യൂനപക്ഷ വോട്ടുകളിലെ ധ്രുവീകരണം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. രണ്ട് മണ്ഡലങ്ങളിലും മികച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാണ് നീക്കം.

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയാണ് മത്സരിക്കുന്നതെങ്കില്‍ മുത്തലാഖ് ബില്‍ വോട്ടിങ്ങില്‍ പങ്കെടുക്കാത്തത് നേട്ടമാകുമെന്നാണ് ഇടതു പ്രതീക്ഷ. മണ്ഡല പുനര്‍ നിര്‍ണയത്തിനു ശേഷം അതായത് 1977-ല്‍ നടന്ന ലോകസഭ തിരഞ്ഞെടുപ്പു മുതല്‍ വന്‍ ഭൂരിപക്ഷത്തിന് ലീഗ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച മണ്ഡലമാണ് പൊന്നാനി.

ഇടക്ക് ടി.കെ ഹംസയിലൂടെ പഴയ മഞ്ചേരി ലോകസഭ മണ്ഡലം കൈവിട്ടപ്പോഴും പാറപോലെ ലീഗിനു പിന്നില്‍ ഉറച്ച് നിന്ന പൊന്നാനിയിലാണ് ഇപ്പോള്‍ ലീഗ് വലിയ ഭീഷണി നേരിടുന്നത്.

ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിന് വിജയിച്ച ചരിത്രം മാത്രമുള്ള പൊന്നാനിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 25,410 വോട്ടിനാണ് കഷ്ടിച്ച് ലീഗ് അഖിലേന്ത്യാ നേതാവ് ഇ.ടി.മുഹമ്മദ് ബഷീര്‍ കരകയറിയത്.

2009-ല്‍ 82,684 വോട്ടിന് വിജയിച്ച സ്ഥാനത്താണ് ഭൂരിപക്ഷത്തിലെ ഈ വന്‍ തിരിച്ചടി. ഇ.ടി 3,78,503 വോട്ട് നേടിയപ്പോള്‍ അബ്ദുറഹ്മാന്‍ 3,53,093 വോട്ട് നേടി. ബി.ജെ.പിക്ക് മണ്ഡലത്തില്‍ 75,212 വോട്ടുണ്ട്.

ഇടതു സ്വതന്ത്രനും ഇപ്പോള്‍ താനൂര്‍ എം.എല്‍.എയുമായ വി.അബ്ദുറഹ്മാനാണ് ലീഗ് കോട്ടയില്‍ മിന്നല്‍പിണറായത്. എസ്.ഡി.പി.ഐ 26,640 വോട്ടും ജനകീയ സ്വതന്ത്രന്‍ 11,034 വോട്ടും ആം ആദ്മി പാര്‍ട്ടി 9,504 വോട്ടും കഴിഞ്ഞ തവണ പൊന്നാനിയില്‍ നിന്നും നേടിയിരുന്നു.

muslim league

മുസ്ലീം ലീഗിനു മാത്രമല്ല കോണ്‍ഗ്രസ്സിനും സ്വാധീനമുള്ള ഈ ലോകസഭ മണ്ഡലത്തില്‍പ്പെട്ട മൂന്ന് നിയമസഭ മണ്ഡലത്തില്‍ പക്ഷേ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.

2014ലെ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും ഏഴു നിയമസഭ മണ്ഡലങ്ങളില്‍ മൂന്നിടത്തും മുന്നിലെത്താന്‍ ഇടതുപക്ഷത്തിനായി. തൃത്താല, പൊന്നാനി, തവനൂര്‍ എന്നിവിടങ്ങളില്‍ ഇ.ടി മുഹമ്മദ് ബഷീറിന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ട് ഇടതു സ്വതന്ത്രന്‍ നേടി.

2016ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലാകട്ടെ താനൂര്‍ മണ്ഡലം ലീഗില്‍ നിന്ന് പിടിച്ചെടുക്കാനും എല്‍.ഡി.എഫിന് സാധിച്ചു. നിലവില്‍ പൊന്നാനിയുടെ ഭാഗമായ തിരൂരങ്ങാടി, കോട്ടക്കല്‍, തിരൂര്‍ നിയമസഭ മണ്ഡലങ്ങളാണ് ലീഗിനൊപ്പമുള്ളത്. വി.ടി ബല്‍റാമിന്റെ തൃത്താല കൂടി ചേര്‍ത്താല്‍ എണ്ണം നാലാകും.

തവനൂര്‍, പൊന്നാനി, താനൂര്‍ എന്നീ നിയമസഭ മണ്ഡലങ്ങള്‍ ഇടതിനൊപ്പമാണ്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കൂടുതല്‍ അനുകൂല സാഹചര്യമാണുള്ളതെന്നും ഭൂരിപക്ഷം വര്‍ധിപ്പിച്ച് കുത്തക നിലനിര്‍ത്താന്‍ കഴിയുമെന്നുമാണ് ലീഗ് നേതൃത്വം കരുതുന്നത്. എന്നാല്‍, ആഞ്ഞുപിടിച്ചാല്‍ മണ്ഡലം കൈപ്പിടിയിലൊതുക്കാമെന്ന പ്രതീക്ഷയിലാണ് സി.പി.എം. മൂന്നാം അങ്കത്തിനും ഇ.ടി തന്നെയായിരിക്കും മുസ്ലീംലീഗിന്റെ പ്രഥമ ചോയ്‌സ്.

ഇത്തവണ കിട്ടാവുന്നതില്‍ ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ ലീഗിനെതിരെ രംഗത്തിറക്കാനാണ് സി.പി.എം നീക്കം.സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലമാണെന്ന് സി.പി.എം കരുതുന്നു. വനിതാ മതിലില്‍ മലപ്പുറത്തുണ്ടായ വന്‍ പങ്കാളിത്വം മാറ്റത്തിന്റെ വ്യക്തമായ സൂചനയായി അവര്‍ ചൂണ്ടിക്കാട്ടുന്നു.

സംഘപരിവാറിനോട് വിട്ടു വീഴ്ച ചെയ്യാതെ പോരാടുന്ന പാര്‍ട്ടിയും സര്‍ക്കാറും എന്ന ഇമേജ് വോട്ടായി മാറിയാല്‍ പൊന്നാനിയില്‍ ചെങ്കൊടി പാറുമെന്ന പ്രതീക്ഷയിലാണ് സി.പി.എം പ്രവര്‍ത്തകര്‍.

Top