കെഎസ് ഹംസയെ ലീഗിൽ നിന്നും പുറത്താക്കി

കോഴിക്കോട്: മുൻ സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസയെ മുസ്ലീം ലീഗിൽ നിന്നും പുറത്താക്കി. അച്ചടക്ക സമിതി ശുപാർശ പ്രകാരം പാർട്ടി തീരുമാനപ്രകാരമാണ് ഹംസയെ പുറത്താക്കിയതെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. നേരത്തെ പ്രവർത്തകസമിതി യോഗത്തിൽ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ചതിനു പിന്നാലെ ഹംസയെ എല്ലാ പദവിയിൽ നിന്നും നീക്കിയിരുന്നു. ലീഗ് സംസ്ഥാന കൗൺസിൽ ചേരുന്നതിനെതിരെയും ഹംസ കോടതിയെ സമീപിച്ചിരുന്നു.

മുസ്ലീം ലീഗ് സംസ്ഥാന കൗൺസിൽ ഇന്ന് കോഴിക്കോട് ചേരും. പുതിയ സംസ്ഥാന ഭാരവാഹികൾ, സെക്രട്ടറിയേറ്റ് അംഗങ്ങൾ, പ്രവർത്തകസമിതി അംഗങ്ങൾ എന്നിവരുടെ തെരഞ്ഞെടുപ്പാണ് മുഖ്യ അജണ്ട എങ്കിലും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആര് എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. നിലവിലെ ജനറൽ സെക്രട്ടറി പിഎംഎ സലാം തുടരാനാണ് സാധ്യത എങ്കിലും എംകെ മുനീറിന്റെ പേരും പരിഗണനയിലുണ്ട്. പാർട്ടി ഔദ്യോഗിക നേതൃത്വത്തിന്റെ പിന്തുണ സലാമിന് ആണെങ്കിലും ഇടി മുഹമ്മദ് ബഷീർ, പി വി അബ്ദുൽ വഹാബ്, കെപിഎ മജീദ്, കെഎം ഷാജി തുടങ്ങിയ നേതാക്കളും കോഴിക്കോട് ജില്ലാ കമ്മിറ്റിയും മുനീറിനായി ശക്തമായി രംഗത്തുണ്ട്.സെക്രട്ടറിയേറ്റിലേക്ക് ഇക്കുറി വനിതാ പ്രാതിനിധ്യം ഉണ്ടാകാനും സാധ്യതയുണ്ട്.

Top