മുസ്ലീം ലീഗ് ഉറപ്പ് വരുത്തിയത് 3 സീറ്റ്, സി.പി.എമ്മിന് ശരിക്കും ഉറപ്പ് 1 സീറ്റിൽ ?

ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് സി.പി.എമ്മിനേക്കാള്‍ എം.പിയുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞപ്പോള്‍ അതൊരു കോമഡി മാത്രമായാണ് രാഷ്ട്രീയ കേരളം നോക്കി കണ്ടത്. എന്നാല്‍ ഇപ്പോള്‍ വിജയിക്കുമെന്ന് പ്രതീക്ഷയുള്ള മൂന്ന് സീറ്റുകള്‍ ഉറപ്പിച്ചിരിക്കുകയാണ് മുസ്ലീം ലീഗ്.

മലപ്പുറം,പൊന്നാനി മണ്ഡലങ്ങള്‍ക്ക് പുറമെ തമിഴ്നാട്ടിലെ ഒരു മണ്ഡലവുമാണ് ലീഗ് ഉറപ്പിച്ചിരിക്കുന്നത്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ലോകസഭ തിരഞ്ഞെടുപ്പില്‍ രംഗത്തിറങ്ങാത്ത സാഹചര്യത്തില്‍ തമിഴകം തൂത്ത് വരാമെന്ന പ്രതീക്ഷയിലാണ് ഡി.എം.കെ മുന്നണി. ഈ മുന്നണിയിലെ ഘടക കക്ഷിയായ ലീഗിന് ഒരു സീറ്റാണ് അനുവദിച്ചിരിക്കുന്നത്. വിജയ പ്രതീക്ഷ പുലര്‍ത്തുന്ന മൂന്ന് മണ്ഡലങ്ങളാണ് ലീഗ് ആവശ്യപ്പെടുന്നത്. ഇതില്‍ ഒന്ന് നല്‍കുമെന്ന് തന്നെയാണ് സൂചന. ഡി.എം.കെ പ്രസിഡന്റ് എം.കെ.സ്റ്റാലിനും മുസ്ലിംലീഗ് ദേശീയ അധ്യക്ഷന്‍ പ്രഫ. കെ.എം. കാദര്‍ മൊയ്തീനും ഇതുസംബന്ധിച്ച ധാരണപത്രത്തില്‍ ഒപ്പിട്ടു. മണ്ഡലം പിന്നീട് പ്രഖ്യാപിക്കും.

രാമനാഥപുരം, മയിലാടുതുറ, വെല്ലൂര്‍ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട പട്ടികയാണ് മുസ്ലിംലീഗ് സമര്‍പ്പിച്ചത്. ‘കോണി’ ചിഹ്നത്തിലാണ് മത്സരിക്കുകയെന്നും മുന്നണിയുടെ വിജയത്തിനായി അക്ഷീണം പ്രയത്നിക്കുമെന്നും കാദര്‍ മൊയ്തീന്‍ പറഞ്ഞു. ഘടകകക്ഷിയായ കോണ്‍ഗ്രസിന് പുതുച്ചേരി ഉള്‍പ്പെടെ പത്ത് സീറ്റ് അനുവദിച്ചിരുന്നു.

അതേസമയം സി.പി.എമ്മും സി.പി.ഐയും രണ്ട് വീതം സീറ്റ് ഡി.എം.കെയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

കേരളത്തില്‍ സി.പി.എമ്മിന് ഏറെ വിജയ പ്രതീക്ഷയുള്ള ചെങ്കോട്ടയായ കാസര്‍ഗോഡ് പോലും ഇരട്ട കൊലപാതകത്തോടെ കടുത്ത വെല്ലുവിളിയാണ് സി.പി.എം നേരിടുന്നത്. ഈ സാഹചര്യത്തില്‍ വിജയിക്കുമെന്ന് സി.പി.എം നേതാക്കള്‍ പോലും നൂറ് ശതമാനവും വിശ്വസിക്കുന്നത് ആലത്തൂര്‍ മണ്ഡലം മാത്രമാണ്. മുന്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണനായിരിക്കും ഈ സംവരണ മണ്ഡലത്തില്‍ നിന്നും മത്സരിക്കുക.

കേരളത്തിന് അകത്തും പുറത്തും മത്സരിക്കുന്ന മറ്റു മണ്ഡലങ്ങളില്‍ സി.പി.എം കടുത്ത മത്സരമാണ് നേരിടുക. ഈ സാഹചര്യത്തിലാണ് മത്സരിക്കുന്ന 3 ലോകസഭ സീറ്റുകളിലും വിജയിക്കുമെന്ന് ലീഗ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ മൂന്ന് ലോകസഭ അംഗങ്ങളെ ചൂണ്ടികാട്ടി വിലപേശാം

അതേസമയം ലീഗിനേക്കാള്‍ കുറവ് സീറ്റ് സി.പി.എമ്മിന് ലഭിക്കുകയാണെങ്കില്‍ ആ പാര്‍ട്ടി തന്നെ പിരിച്ചുവിടുന്നതാണ് നല്ലതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

Top