സംഘപരിവാറിനെ പാലൂട്ടുന്നത് ആര് ? മുനീർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്

മുസ്ലീംലീഗ് നേതാവ് എം.കെ മുനീറിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിന് മതിയായ ചികിത്സ നല്‍കാന്‍ അടിയന്തരമായി ലീഗ് നേതൃത്വം തന്നെ തയ്യാറാകണം. സാമാന്യ യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ് അദ്ദേഹം നിയമസഭയില്‍ വിളിച്ചു പറഞ്ഞിരിക്കുന്നത്. പകല്‍ ആര്‍എസ്എസുമായി തല്ല് കൂടി, രാത്രി പാലൂട്ടി ഉറങ്ങുന്നവരാണ് സിപിഎമ്മാണെന്നാണ് പ്രധാന ആരോപണം. കോണ്‍ഗ്രസ് ഇല്ലാത്ത ഭരണം വേണമെന്ന് പറയുന്ന രണ്ടേ രണ്ട് പാര്‍ട്ടിയേ രാജ്യത്തുള്ളൂ എന്നും, അത് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും ബിജെപിയുമാണെന്നുമാണ് അദ്ദേഹത്തിന്റെ മറ്റൊരു വാദം. ഈ വാദങ്ങള്‍ ഡോക്ടര്‍ കൂടിയായ എം.കെ മുനീറില്‍ നിന്നും ഒരിക്കലും രാഷ്ട്രീയ കേരളം പ്രതീക്ഷിച്ചിരുന്നില്ല. അറിവ് കൂടിയതാണ് മുനീറിന്റെ ഇപ്പോഴത്തെ പ്രശ്‌നം. സി.പി.എമ്മിനെയും ഇടതുപക്ഷത്തേയും എതിര്‍ക്കാന്‍ എന്തും വിളിച്ചു പറയാം എന്ന നിലപാട് സി.എച്ചിന്റെ മകന്‍ ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലായിരുന്നു.

 

ചെങ്കൊടിയെ വിമര്‍ശിക്കാന്‍, എത്രയോ കാര്യങ്ങള്‍ വേറെയുണ്ട്. അതാണ് പ്രതിപക്ഷം ഉപയോഗിക്കേണ്ടിയിരുന്നത്. അല്ലാതെ, ‘ഉണ്ടയില്ലാ വെടിവച്ചാല്‍’ അത് തിരിച്ചടിക്കുകയാണ് ചെയ്യുക എന്നതും ഓര്‍ത്ത് കൊള്ളണം. പകല്‍ ആര്‍.എസ്.എസുമായി തല്ലുകൂടി രാത്രി പാലൂട്ടി ഉറക്കുന്നതിന് ഒരു ഉദാഹരണമെങ്കിലും ചൂണ്ടിക്കാട്ടാന്‍ മുനീറിനുണ്ടോ? ഉണ്ടെങ്കില്‍ അതാണ് വ്യക്തമാക്കേണ്ടത്. എന്നാല്‍, നിങ്ങള്‍ കവചം തീര്‍ത്ത് സംരക്ഷിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ്സിനെ കുറിച്ച് മാത്രമല്ല, ലീഗിനെ കുറിച്ചു പോലും ആര്‍.എസ്.എസ് – ബി.ജെ.പി ബന്ധം ചൂണ്ടിക്കാണിക്കാന്‍ നിരവധി ഉദാഹരണങ്ങള്‍ ഇവിടെയുണ്ട്. ആര്‍.എസ്.എസിന്റെ സംസ്ഥാന ഫണ്ട് ശേഖരണം ഒരിക്കല്‍ തിരൂരില്‍ ഉദ്ഘാടനം ചെയ്തത് വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നീസ അന്‍വറാണ്. മുന്‍പ്, ബേപ്പൂരിലും വടകരയിലും സംഘപരിവാറുമായി ഉണ്ടാക്കിയ തിരഞ്ഞെടുപ്പ് സഖ്യത്തിലും മുസ്ലീം ലീഗും പങ്കാളികളാണ്.

കോ-ലീ-ബി സഖ്യമെന്നത് കേവലമൊരു ആരോപണം മാത്രമല്ല, യാഥാര്‍ത്ഥ്യവുമാണ്. അധികാരത്തിന് വേണ്ടി എന്തും ചെയ്യാനും, ആരുമായും കൂട്ട് കൂടാനും മടിക്കാത്തവരാണ് ലീഗും കോണ്‍ഗ്രസ്സും. ഈ കേരളത്തില്‍ തന്നെ അതിന് ഉദാഹരണങ്ങളും അനവധിയാണ്. അത് കൊണ്ട് കൂടുതലായി ഒന്നും പറയിപ്പിക്കരുത്. സംഘ പരിവാറിനെ രാഷ്ട്രീയപരമായും സംഘടനാപരമായും നേരിട്ട ഒറ്റ പാര്‍ട്ടിയേ ഈ കേരളത്തിലുള്ളൂ. അത് സി.പി.എമ്മാണ്. ചെങ്കൊടിയുടെ ശക്തമായ സാന്നിധ്യം ഉള്ളത് കൊണ്ട് മാത്രമാണ് കേരളത്തില്‍ കാവി രാഷ്ട്രീയത്തിന് വളരാന്‍ സാധിക്കാതിരിക്കുന്നത്. അതല്ലാതെ കോണ്‍ഗ്രസ്സിന്റെ മിടുക്ക് കൊണ്ടല്ല. ഇവിടെ മുന്‍ എം.എല്‍.എ അബ്ദുള്ളക്കുട്ടി ഉള്‍പ്പെടെയാണ് കാവിയണിഞ്ഞിരിക്കുന്നത്.

muslim league

ഇത്തവണ ഭരണം കിട്ടിയില്ലങ്കില്‍, ബി.ജെ.പിയാകാന്‍ റെഡിയായി ഒരുങ്ങി നില്‍ക്കുന്നതും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളാണ്. മധ്യപ്രദേശിലും കര്‍ണ്ണാടകയിലും ഗോവയിലും ലഭിച്ച ഭരണം പോലും കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടതും ഖദര്‍ കാവിയണിഞ്ഞതോടെയാണ്. രാഹുല്‍ ഗാന്ധിയുടെ വലം കൈ ആയിരുന്ന മുന്‍ കേന്ദ്ര മന്ത്രി ജോതിരാദിത്യ സിന്ധ്യ ഇപ്പോള്‍ എവിടെയാണെന്നതിന് മറുപടിയും മുനീര്‍ തന്നെയാണ് പറയേണ്ടത്. ആരാണ് ജോതിരാദിത്യ സിന്ധ്യയെയും അബ്ദുള്ളക്കുട്ടിയെയും ഇപ്പോള്‍ പാല് കൊടുത്ത് ഉറക്കുന്നതെന്നതും മറന്നു പോകരുത്. ഈ കോണ്‍ഗ്രസ്സിനെയാണോ കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കേണ്ടത്? ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യം വിജയിച്ചതും കോണ്‍ഗ്രസ്സിന്റെ പിടിപ്പുകേടുകൊണ്ട് മാത്രമാണ്. കോണ്‍ഗ്രസ്സ് മത്സരിച്ച മണ്ഡലങ്ങളിലെ ദയനീയ തോല്‍വിയാണ് പ്രതിപക്ഷ മഹാ സഖ്യത്തിന് അധികാരം നഷ്ടമാക്കിയിരിക്കുന്നത്.

ബിഹാറില്‍ സി.പി.എം ഉള്‍പ്പെട്ടെ ഇടതുപക്ഷം നേടിയ മിന്നുന്ന ജയം ചെങ്കൊടിയോട് ജനങ്ങള്‍ക്കുള്ള വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്. കൂടുതല്‍ സീറ്റുകള്‍ മത്സരിക്കാനായി ഇടതുപക്ഷത്തിനായി നീക്കി വച്ചിരുന്നെങ്കില്‍ ബീഹാര്‍ ഇന്ന് പ്രതിപക്ഷ മഹാസഖ്യത്തിന് നിഷ്പ്രയാസം ഭരിക്കാമായിരുന്നു. കോണ്‍ഗ്രസ്സില്‍, കോണ്‍ഗ്രസ്സുകാര്‍ക്ക് തന്നെ വിശ്വാസം നഷ്ടപ്പെടുന്ന പുതിയ കാലമാണിത്. മോദി സര്‍ക്കാറിനെ നിരന്തരം ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ്സ് നടത്തി വരുന്നത്. ഒരു ദേശീയ അദ്ധ്യക്ഷനെ പോലും തിരഞ്ഞടുക്കാന്‍ കഴിയാത്ത പാര്‍ട്ടിയെ മുനീറിന്റെ വാക്ക് കേട്ട് ആരാണ് വിശ്വസിക്കുക? കേന്ദ്ര സര്‍ക്കാറിനെതിരായ പോരാട്ടത്തില്‍ എന്ത് പങ്കാണ് കോണ്‍ഗ്രസ്സ് വഹിക്കുന്നതെന്നതിനും ഡോക്ടര്‍ മുനീര്‍ മറുപടി പറയണം.

 

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളില്‍ എന്തായിരുന്നു കോണ്‍ഗ്രസ്സിന്റെ പങ്ക്? ഇക്കാര്യത്തില്‍ ലീഗ് സ്വീകരിച്ചത് പോലും ഇരട്ടതാപ്പ് നയമാണ്. ഇടതുപക്ഷം തീര്‍ത്ത മനുഷ്യ ശൃംഖല തകര്‍ക്കാനാണ് മുസ്ലീം ലീഗും ശ്രമിച്ചിരുന്നത്. എന്നിട്ടും, രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്ത പ്രക്ഷോഭമായി മനുഷ്യ ശൃംഖല മാറുകയുണ്ടായി. 80 ലക്ഷത്തോളം മനസ്സുകളാണ് ഈ മഹാ ശൃംഖലയില്‍ കണ്ണികളായിരുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ കാമ്പസുകളില്‍ നിന്നും തെരിവിലേക്ക് ആദ്യം പ്രക്ഷോഭ തീ പടര്‍ത്തിയതും ഇടതുപക്ഷ സംഘടനകളാണ്. എസ്.എഫ്.ഐ നേതൃത്വത്തില്‍ നടത്തിയ ഈ പ്രതിഷേധവും ചരിത്രമാണ്. ഒടുവില്‍ സംഘപരിവാറുകാര്‍ നടത്തിയ ആക്രമണത്തില്‍ തല അടിച്ച് പൊട്ടിക്കപ്പെട്ടതും എസ്.എഫ്.ഐ നേതാവായ ഐഷ ഘോഷിന്റെയാണ്. കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ത്ഥി സംഘടനയുടെ പൊടിപോലും ഇവിടെ ഒന്നും ആരും തന്നെ കണ്ടിട്ടില്ല.

ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് പോയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സ്, യൂത്ത് ലീഗ് നേതാക്കള്‍ വീട്ടില്‍ സുഖ നിദ്രയിലായിരുന്നു എന്നതും മുനീര്‍ സാഹിബ് ഓര്‍ക്കുന്നത് നല്ലതാണ്. ഇപ്പോള്‍ ഡല്‍ഹിയില്‍ മോദി സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന കര്‍ഷക സമരത്തിന്റെ നേതൃത്വവും ചെങ്കൊടിക്കാണ്. ആ സമരമുഖത്ത് പാറി പറക്കുന്ന ചുവപ്പ് പതാകയോടുള്ള അസഹിഷ്ണുത പ്രധാനമന്ത്രി മോദി അടക്കം തുറന്ന് പറഞ്ഞതും ഈ രാജ്യം കണ്ടതാണ്. ഹിന്ദുസ്ഥാന്‍ ടൈംസ് പോലുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കര്‍ഷക സമരത്തിന് പിന്നില്‍ സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍ സഭയുടെ ബുദ്ധിയാണെന്നാണ്. സമരം സംഘടിപ്പിക്കുക മാത്രമല്ല, അതില്‍ മറ്റു സംഘടനകളെ കൂടെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ്‌, കര്‍ഷക സമരത്തിന്റെ വിജയം.

 

അനവധി പേര്‍ സമരമുഖത്ത് മരിച്ച് വീണിട്ടും പിന്മാറാതെ കര്‍ഷകര്‍ സമരം തുടരുന്നു എങ്കില്‍ അതിന് ചെങ്കൊടി നല്‍കുന്ന ആത്മവിശ്വാസവും വളരെ വലുതാണ്. കേരളത്തില്‍ നിന്നും സി.പി.എം എം.പി രാഗേഷ്, കെ.എന്‍ ബാലഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൊടും തണുപ്പ് വകവയ്ക്കാതെ കര്‍ഷകര്‍ക്കൊപ്പം ഡല്‍ഹി അതിര്‍ത്തിയിലുണ്ട്. എത്ര കോണ്‍ഗ്രസ്സ് – ലീഗ് നേതാക്കള്‍ അവിടെയുണ്ട് എന്ന് ഈ മുനീറിന് പറയാന്‍ പറ്റുമോ? സഭയില്‍ വന്ന് വീരവാദം പറയുന്നതിലല്ല, ഗ്രൗണ്ടില്‍ ഇറങ്ങി കഷ്ടപ്പെടുന്ന മനസ്സുകള്‍ക്കൊപ്പം നില്‍ക്കുന്നതാണ് യഥാര്‍ത്ഥ ജനസേവനം. ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷ ഭരണം ഇല്ലാതായത് ചൂണ്ടിക്കാട്ടുന്ന മുനീര്‍, രാജ്യം അനവധി കാലം ഭരിച്ച കോണ്‍ഗ്രസ്സിന്റെ അവസ്ഥയാണ് ഓര്‍ക്കാതെ പോയിരിക്കുന്നത്.

ബംഗാളിനെ കാവി രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണാക്കി മാറ്റിയത് തൃണമൂല്‍ കോണ്‍ഗ്രസ്സാണ്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ അവിടെ ഒരു വര്‍ഗ്ഗീയ കലാപവും നടന്നിട്ടില്ല. ബി.ജെ.പിയെ നിലം തൊടാനും സമ്മതിച്ചിട്ടില്ല. അതുപോലെ തന്നെ, ത്രിപുരയില്‍ കോണ്‍ഗ്രസ്സ് ഒന്നാകെ കാവിയണിഞ്ഞത് കൊണ്ടാണ് ബി.ജെ.പിക്ക് ഭരണം പിടിക്കാന്‍ സാധിച്ചിരിക്കുന്നത്. തുടര്‍ച്ചയായി നിരവധി വര്‍ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണമാറ്റം ആഗ്രഹിച്ച മനസ്സുകള്‍ക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍, അത് വൈകി ആയാലും അവര്‍ തിരുത്തുക തന്നെ ചെയ്യും. മുനീര്‍ പറഞ്ഞത് പോലെ ആര്‍.എസ്.എസുമായി പകല്‍ തല്ലുകൂടി രാത്രി അവരെ പാലൂട്ടിയാണ് സി.പി.എം ഉറക്കുന്നതെങ്കില്‍ എങ്ങനെയാണ് ആര്‍.എസ്.എസിന്റെ രാജ്യത്തെ ഏറ്റവും പ്രധാന ശത്രുവായി സി.പി.എം മാറുക?

 

സംഘ പരിവാറുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകരുടെ എണ്ണം മുനീറിന്റെ കണക്ക് കൂട്ടലുകള്‍ക്കും അപ്പുറമായിരിക്കും. രാജ്യത്ത് ചരിത്രത്തില്‍ ആദ്യമായി ഒരു സര്‍ക്കാറിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഒന്നടങ്കം രംഗത്തിറങ്ങിയതും ഈ കേരളത്തിലാണ്. അതല്ലാതെ, കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിലല്ല. ചുവപ്പ് ഭീകരതക്കെതിരെ അമിത് ഷാ നേതൃത്വം നല്‍കിയ മാര്‍ച്ചില്‍ സകല കേന്ദ്ര മന്ത്രിമാരും ബി.ജെ.പി മുഖ്യമന്ത്രിമാരുമാണ് പങ്കെടുത്തിരുന്നത്. രാജ്യത്ത് ഒരു മുഖ്യമന്ത്രിയുടെ തലക്ക് ഇനാം പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍, അതും കേരള മുഖ്യമന്ത്രിക്കെതിരെയാണ്. ആര്‍.എസ്.എസ് നേതാവാണ് പിണറായി വിജയന്റെ തലക്ക് ഇനാം പ്രഖ്യാപിച്ചിരുന്നത്.

 

തീര്‍ന്നില്ല, സംസ്ഥാനത്തിന് പുറത്ത് സംഘ പരിവാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതും കേരള മുഖ്യമന്ത്രിക്കെതിരെയാണ്.അത് അദ്ദേഹം കമ്യൂണിസ്റ്റായത് കൊണ്ട് മാത്രമാണ്. ഡല്‍ഹിയില്‍ സി.പി.എം കേന്ദ്ര ആസ്ഥാനം ആക്രമിക്കപ്പെടുമ്പോള്‍ ഒരു കമ്പ് പോലും കോണ്‍ഗ്രസ്സ് ആസ്ഥാനത്ത് വീണിരുന്നില്ലെന്നതും മുനീര്‍ മറന്നു പോകരുത്. സി.പി.എമ്മും സംഘപരിവാറും തമ്മിലുള്ള പക,ൃ പ്രത്യേയ ശാസ്ത്രപരമായുള്ളതാണ്. നാളെ ലീഗ് ബി.ജെ.പി മുന്നണിയില്‍ ചേര്‍ന്നാലും സി.പി.എം അത് ചെയ്യുകയില്ല. ഈ വിശ്വാസം മുനീറിനില്ലെങ്കിലും, നാട്ടിലെ മതേതര വിശ്വാസികള്‍ക്ക് ശരിക്കുമുണ്ട്. അതു തന്നെയാണ് ചെങ്കൊടിയുടെ കരുത്തും.

 

Top