സ്വന്തം കോട്ടകൾ പോലും തകരുമെന്ന ഭീതിയിൽ മുസ്ലീംലീഗും കോൺഗ്രസ്സും

യു.ഡി.എഫിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധത്തില്‍ ഉലഞ്ഞ് മലബാര്‍ രാഷ്ട്രീയം. സമസ്തക്ക് പിന്നാലെ കാന്തപുരം എ.പി വിഭാഗം സുന്നികളും രൂക്ഷമായ പ്രതികരണവുമായാണ് രംഗത്ത് വന്നിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളെ പോലും ബാധിക്കുന്ന പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. മുസ്ലീം ലീഗിന്റെ കരുത്ത് സമസ്തയിലാണെങ്കില്‍ കോണ്‍ഗ്രസ്സിന് മിക്കയിടത്തും കാന്തപുരം എ.പി സുന്നികളാണ് തുണയായിരുന്നത്. ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന ഘട്ടങ്ങളില്‍ പോലും ഒരു ‘കൈ’ സഹായം എ.പി വിഭാഗം കോണ്‍ഗ്രസ്സിനും നല്‍കിയിട്ടുണ്ട്. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെല്‍ഫയര്‍ പാര്‍ട്ടിയുമായി യു.ഡി.എഫ് ധാരണയുണ്ടാക്കിയത് കാന്തപുരം വിഭാഗത്തെയും ചൊടിപ്പിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസ്സ് നേതാക്കളെ തങ്ങളുടെ അനിഷ്ടം എ.പി വിഭാഗം ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്. യു.ഡി.എഫിന്റെ ‘മുതുകില്‍’ ചവിട്ടി ദൈവരാജ്യത്തിലേക്ക് കടക്കാമോ എന്ന് പരീക്ഷിക്കുകയാണ് ജമാഅത്തെ ഇസ്ലാമിയെന്നാണ് എ.പി വിഭാഗം ആരോപിച്ചിരിക്കുന്നത്. അതിന് വേണ്ടി മാത്രമാണ് അവര്‍ രാഷ്ട്രീയ പാര്‍ട്ടിയുമായി മുന്നോട്ട് വന്നിരിക്കുന്നതെന്നാണ് സിറാജ് പത്രത്തിലൂടെ എ.പി വിഭാഗം തുറന്നടിച്ചിരിക്കുന്നത്. കാന്തപുരം എ.പി സുന്നി വിഭാഗത്തിന്റെ മുഖപത്രമാണ് സിറാജ്. ഇതില്‍ പ്രസിദ്ധീകരിച്ച ‘ജമാഅത്വയും യു.ഡി.എഫും’ എന്ന ലേഖനത്തിലൂടെയാണ് യു.ഡി.എഫ്.-വെല്‍ഫെയര്‍ സഖ്യത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്. ദൈവരാജ്യം സ്ഥാപിച്ചെടുക്കുക സ്വല്‍പ്പം സങ്കീര്‍ണമായ പ്രക്രിയ ആണെന്നും ജനാധിപത്യം, മതേതരത്വം തുടങ്ങിയ താഗൂത്തിയന്‍ ചേരുവകള്‍ സമാസമം ചേര്‍ത്ത് വേണം ഏകദൈവ പരമാധികാര രാജ്യം സ്ഥാപിച്ചെടുക്കാനെന്നും അതിന് വേണ്ടി മാത്രമാണ് ജമാഅത്തെ ഇസ്ലാമി പാര്‍ട്ടിയുണ്ടാക്കിയതും യു.ഡി.എഫുമായി സഖ്യം ചേര്‍ന്നതെന്നുമാണ് ലേഖനത്തില്‍ ആരോപിക്കുന്നത്.

ഇന്ത്യന്‍ ഭരണ ഘടന ജനാധിപത്യം മതേതരത്വം, തിരഞ്ഞെടുപ്പ്, സര്‍ക്കാര്‍ ജോലികള്‍, ഇന്ത്യന്‍ കോടതികള്‍ ഇതെല്ലാം വര്‍ജ്യമാണെന്ന് വിശ്വസിക്കുന്ന അത്യപകടകരമായ വാദങ്ങള്‍ ഇന്നും ജമാഅത്തെ പിന്‍തുടരുന്നുണ്ടെന്നും എ.പി വിഭാഗത്തിന്റെ മുഖപത്രം തുറന്നിടച്ചിട്ടുണ്ട്. ഇന്ത്യയില്‍ കലാപവും സംഘര്‍ഷവും വിറ്റ് ജീവിക്കുന്നതാണ് ഇവരുടെ രീതിയെന്നാണ് മറ്റൊരു ആരോപണം. സമാധാനന്തരീക്ഷത്തില്‍ സാമ്രാജ്യത്വമില്ല ജമാഅത്തെയോ ഹിന്ദുത്വയോ ഇല്ലെന്നും ലേഖനം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഭരണത്തിന്റെ അഭാവത്തില്‍ ഭൂമിയിലെ ദൈവിക പരമാധികാരം നഷ്ടപ്പെടുമെന്നും ദൈവാധികാരത്തെ പുനസ്ഥാപിക്കാനായി പ്രവര്‍ത്തിക്കേണ്ടത് ജമാഅത്തെയുടെ ബാധ്യതയാണെന്നും ജമാഅത്തെ ഇസ്ലാമി സിദ്ധാന്തിക്കുന്നുണ്ട്.

മുസ്ലിം ലോകം ഈ വിധ്വംസക സംഘത്തെ അംഗീകരിക്കുന്നില്ലെന്നും സിറാജ് ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജമാഅത്തെ ബന്ധം ലീഗിനെ കൂടുതല്‍ മലിനമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന ലേഖനം അത് തിരിച്ചറിയുന്നതാണ് ലീഗിനും മുന്നണിക്കും നല്ലതെന്ന താക്കീതും ശക്തമായി നല്‍കിയിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാനുള്ള മുസ്ലിം ലീഗ് നീക്കത്തെ തുറന്നെതിര്‍ത്ത് സമസ്തയും ഇതിനകം തന്നെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയാണ് ഇത്തരം സംഘടനയുമായി ധാരണയുണ്ടാക്കുന്നതിന്റെ അപകടത്തെക്കുറിച്ച് മുസ്ലിംലീഗിന് സമസ്ത നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രീയ സംഘടനയാണെന്നാണ് സമസ്തയും ആരോപിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാനുള്ള മുസ്ലിംലീഗ് നീക്കം സ്വയം കുളം തോണ്ടുന്നത് സമാനമാണെന്നതാണ് സമസ്തയുടെ നിലപാട്. തീവ്രവാദികള്‍ക്ക് മുഖ്യധാരയിലേക്ക് വരാന്‍ മുസ്ലിം ലീഗ് കളമൊരുക്കുകയാണെന്നാണ് പ്രധാന ആരോപണം. പ്രബല മുസ്ലീം സംഘടനകളെല്ലാം എതിര്‍പ്പ് ശക്തമാക്കിയതോടെ ആകെ വെട്ടിലായ അവസ്ഥയിലാണ് യു.ഡി.എഫ്. ഈ എതിര്‍പ്പുകള്‍ യു.ഡി.എഫിന്റെ വോട്ട് ബാങ്കിനെയാണ് ബാധിക്കാന്‍ പോകുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടത്തില്‍ സമസ്തയും കാന്തപുരം വിഭാഗവും ഇടതുപക്ഷത്തിനൊപ്പമാണ് അണിനിരന്നിരുന്നത്. മനുഷ്യ ശൃംഖലയില്‍ ലീഗിന്റെ എതിര്‍പ്പ് മറികടന്നാണ് സമസ്ത നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നത്

സംഘപരിവാര്‍ രാഷ്ട്രീയത്തെ ചെറുക്കാന്‍ ഇടതുപക്ഷമാണ് നല്ലതെന്ന ബോധമാണ് പ്രബല മുസ്ലീം സംഘടനകള്‍ക്കെല്ലാമുള്ളത്. ലീഗ് കോട്ടകളില്‍ പോലും മനുഷ്യ ശൃംഖല ഉണ്ടാക്കിയത് വലിയ വിള്ളലുകളാണ്. ഇത് മറികടക്കാന്‍ കൂടിയാണ് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ട് കൂടാന്‍ ലീഗ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സമസ്ത ഇത്രയ്ക്കും ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ലീഗ് നേതൃത്വവും കരുതിയിരുന്നില്ല. സകല അനുനയ നീക്കങ്ങളും പരാജയപ്പെട്ട അവസ്ഥയാണ് നിലവിലുള്ളത്. ലീഗിന്റെ നിര്‍ണ്ണായക വോട്ട് ബാങ്കാണ് സമസ്ത എന്നതിനാല്‍ ലീഗ് സ്ഥാനാര്‍ത്ഥികളും വലിയ ആശങ്കയിലാണ്. ഈ ഭിന്നത നേട്ടമാക്കാനാണ് ഇടതുപക്ഷവും നിലവില്‍ ശ്രമിക്കുന്നത്.

മലപ്പുറത്തെ ലീഗ് കോട്ടകളില്‍ വരെ തീപാറുന്ന മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടി കാലിടറിയാല്‍ നിയമസഭ തിരഞ്ഞെടുപ്പിലും മലബാറില്‍ വലിയ തിരിച്ചടി യു.ഡി.എഫിന് നേരിടേണ്ടി വരും. തെക്കന്‍ കേരളത്തില്‍ ജോസ്.കെ മാണി വിഭാഗവും വലിയ വെല്ലുവിളിയാണ് യു.ഡി.എഫിന് ഉയര്‍ത്തുന്നത്. ആളില്ലാ വിഭാഗമാണ് ജോസഫ് വിഭാഗമെന്നത് ഏറെ വൈകിയാണ് കോണ്‍ഗ്രസ്സ് നേതൃത്വം പോലും തിരിച്ചറിഞ്ഞിരിക്കുന്നത്. വിവാദങ്ങള്‍ക്കും മീതെ പ്രാദേശിക വിഷയങ്ങളാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ഘടകമാകുക. സംഘടനാപരമായ ദൗര്‍ബല്യമാണ് യു.ഡി.എഫ് നേരിടുന്ന പ്രധാന വെല്ലുവിളി.

ഗ്രൂപ്പിസത്തിന്റെ കാര്യത്തില്‍ ബി.ജെ.പിയും ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ പാതയിലാണ്. റിബലുകള്‍ ചതിക്കുമോ എന്ന ആശങ്കയും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുണ്ട്. ഇക്കാര്യത്തിലെല്ലാം ആശ്വസിക്കാന്‍ വകയുള്ളത് ഇടതുപക്ഷത്തിനാണ്. ഒരു തര്‍ക്കവും ഇല്ലാതെയാണ് സീറ്റ് നിര്‍ണ്ണയം ഇടതുപക്ഷം പൂര്‍ത്തിയാക്കിയിരിക്കുന്നത്. സി.പി.എമ്മിന്റെ കേഡര്‍ സംവിധാനമാണ് പ്രചരണ രംഗത്ത് ചുവപ്പിന് മേല്‍ക്കോയ്മ നല്‍കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വനിതകള്‍ക്കും യുവത്വത്തിനും പരിഗണന നല്‍കിയ പാര്‍ട്ടിയും സി.പി.എം തന്നെയാണ്.

Top