muslim-league-against-director-kamal

മലപ്പുറം: ഇടതുപക്ഷ സ്ഥാനാർത്ഥിയായില്ല, മലപ്പുറം ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽപ്പെട്ട സ്ഥലത്ത് വരുന്നുമില്ല ,എന്നാലും പേടിയാണോ ലീഗിന് സംവിധായകൻ കമലിനെ ?

കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നൽകി യു ഡി എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ച മണ്ഡലത്തിൽ മുസ്ലീം ലീഗിനു തന്നെ ആത്മവിശ്വാസമില്ലേ എന്നു തോന്നിപ്പിക്കുന്ന നടപടികളാണ് ഇപ്പോൾ ലീഗ് നേതൃത്വത്തിൽ നിന്നും ഉണ്ടായിരിക്കുന്നത്.

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്കെ) നിലമ്പൂർ മേഖല മേള ഉദ്ഘാടനം ചെയ്യുന്നതിൽ നിന്നും സംവിധായകൻ കമലിനെ വിലക്കണമെന്നാവശ്യപ്പെട്ട് ജില്ലാ വരണാധികാരി കൂടിയായ കളക്ടർക്ക് പരാതി നൽകിയിരിക്കുകയാണ് ലീഗ് നേതൃത്വം.

മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിൽ ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് മുസ്ലീംലീഗ് ചൂണ്ടിക്കാട്ടുന്നത്. വ്യാഴാഴ്ചയാണ് ചലച്ചിത്ര മേളയ്ക്ക് തിരിതെളിയുന്നത്.

അതേസമയം ലീഗിന്റെ ഈ ആവശ്യം രാഷ്ട്രീയ കേന്ദ്രങ്ങളെ പോലും അമ്പരിപ്പിച്ചിരിക്കുകയാണ്.

ഇടതുമുന്നണിയും സി പി എമ്മും സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടു പോലും ഇല്ലന്നിരിക്കെ എന്തിനാണ് കമലിനെ വിലക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് പരാതി നൽകിയിരിക്കുന്നതെന്നാണ് ഉയരുന്ന ചോദ്യം.

മാത്രമല്ല മേള നടക്കുന്ന നിലമ്പൂർ മലപ്പുറം ലോക്സഭാ മണ്ഡലത്തിലല്ല, വയനാട് ലോക്സഭാ മണ്ഡലത്തിലാണെന്നതും ശ്രദ്ധേയമാണ്. 1,94, 739 വോട്ടിന്റെ തകർപ്പൻ ഭൂരിപക്ഷത്തിന് കഴിഞ്ഞ ലേക് സഭാ തിരഞ്ഞെടുപ്പിൽ ഇ.അഹമ്മദ് വിജയിച്ച മണ്ഡലത്തിൽ ഇത്തവണ പി കെ കുഞ്ഞാലിക്കുട്ടിയാണ് യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.സ്ഥാനാർത്ഥി പ്രഖ്യാപനം ലീഗ് നടത്തിയതിനു തൊട്ടുപിന്നാലെയാണ് കമലിനെതിരായ പരാതിയും നൽകിയിരിക്കുന്നത്.

ദേശീയ ഗാന വിവാദത്തിൽ സംഘപരിവാറിന്റെ ഭീഷണിയോടെ വിവാദ കേന്ദ്രമായി മാറിയ കമലിനെ ന്യൂനപക്ഷത്തിന് വൻ ആധിപത്യമുള്ള മലപ്പുറത്തേക്ക് സി പി എം പരിഗണിക്കുന്നുവെന്ന വാർത്ത നിലനിൽക്കെയാണ് ഒരു മുഴം മുൻപേയുളള ലീഗിന്റെ ഈ ഇടപെടൽ.

ഇത് വിജയപ്രതീക്ഷയുടെ കാര്യത്തിൽ ലീഗിനു തന്നെ ആത്മവിശ്വാസം നഷ്ടപ്പെട്ടതിന്റെ തെളിവായാണ് സി പി എം പ്രവർത്തകർ ചൂണ്ടി കാണിക്കുന്നത്.

അതേസമയം ലീഗ് പരാതി നൽകുക കൂടി ചെയ്തതോടെ കമലിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങളും ഇപ്പോൾ ശക്തമായിരിക്കുകയാണ്. ഇക്കാര്യത്തിൽ സി പി എം തീരുമാനം ഉടൻ പുറത്തുവരും.

Top