കോണ്‍ഗ്രസുകാരില്ല; അയോധ്യയിലേക്ക് മുസ്ലീം നേതാക്കള്‍ക്ക് ക്ഷണം

ന്യൂഡല്‍ഹി: അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ച് അടുത്ത മാസം അഞ്ചിന് ഭൂമി പൂജ നടക്കും. ബിജെപി, ആര്‍എസ്എസ്, വിഎച്ച്പി എന്നീ സംഘപരിവാര്‍ സംഘടനകളുടെ പ്രധാന നേതാക്കള്‍ അയോധ്യയിലെ ചടങ്ങില്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുമെന്നാണ് വിവരം. കൂടാതെ ഉത്തര്‍ പ്രദേശിലെ മുസ്ലിം നേതാക്കള്‍ക്കും ക്ഷണമുണ്ട്. പ്രതിപക്ഷ നേതാക്കളെ ക്ഷണമില്ല.

ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫാറൂഖി, ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്വി, അയോധ്യ കേസിലെ ഹര്‍ജിക്കാരനായിരുന്ന ഇഖ്ബാല്‍ അന്‍സാരി എന്നിവര്‍ക്കും ആഗസ്റ്റ് അഞ്ചിലെ ചടങ്ങിലേക്ക് ക്ഷണമുണ്ട്.

ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്, ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി, ബാബാ രാംദേവ് എന്നിവര്‍ക്കും ക്ഷണമുണ്ട്. രാമജന്മ ഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റാണ് അതിഥികളെ ക്ഷണിക്കുന്നത്.

രാജ്യത്തെ ഒരു പ്രതിപക്ഷ നേതാവിനും അയോധ്യയിലെ ചടങ്ങിലേക്ക് ക്ഷണമില്ല. റായ്ബറേലി എംപിയും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിക്കും ക്ഷണം ലഭിച്ചിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധി എന്ന പേരില്‍ ആരെയും ക്ഷണിക്കുന്നില്ലെന്നാണ് ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ് ദേവ് ഗിരി പ്രതികരിച്ചത്.

അംബേദ്കര്‍ നഗറില്‍ നിന്നുള്ള ബിഎസ്പി എംപി റിതേഷ് പാണ്ഡെ, ഫൈസാബാദ്, അയോധ്യ, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ എല്ലാ എംപിമാരും എംഎല്‍എമാരും ചടങ്ങിന് എത്തും. ഫൈസാബാദ് ബിജെപി എംപി ലല്ലു സിങ്, മില്‍ക്കിപൂര്‍ ബിജെപി എംഎല്‍എ ബാബാ ഗോരഖ്നാഥ്, അയോധ്യ ബിജെപി എംഎല്‍എ വേദ് പ്രകാശ് ഗുപ്ത എന്നിവരെ കൂടാതെ അയോധ്യയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ക്ഷണമുണ്ട്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചടങ്ങിന് എത്തും.

അദ്വാനി, ജോഷി, മുന്‍ യുപി മുഖ്യമന്ത്രി കല്യാണ്‍ സിങ്, ഉമാഭാരതി, വിനയ് കത്യാര്‍, സാധ്വി റിഥംബര, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, ആര്‍എസ്എസ് വനിതാ വിഭാഗം നേതാവ് ശാന്തി അക്ക, അന്തരിച്ച വിഎച്ച്പി നേതാവ് വിഷ്ണു ഹരി ഡാല്‍മിയയുടെ മകന്‍ പുനീത് ഡാല്‍മിയ എന്നിവര്‍ക്കും ക്ഷണമുണ്ട്.

രാജ്യത്തെ പ്രമുഖരായ ഹിന്ദു സന്യാസിമാരെ ക്ഷണിച്ചിട്ടുണ്ട്. കൂടാതെ ചിന്മയ, രാമ കൃഷ്ണ മിഷനുകളിലെ പ്രതിനിധികള്‍, ബുദ്ധ സന്യാസിമാര്‍ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.

Top