മുസ്ലീം യുവാവിനെ കൊന്ന സംഭവത്തിന് ലൗ ജിഹാദുമായി ബന്ധമില്ലെന്ന് മുഖ്താര്‍ അബ്ബാസ് നഖ്വി

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ ജീവനോടെ കത്തിച്ച സംഭവത്തിന് ലൗ ജിഹാദുമായി ബന്ധമില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി.

സമൂഹത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ചില മനോരോഗികളുടെ ശ്രമത്തിന്റെ ഭാഗമാണിത്. മതവുമായി ഈ കുറ്റകൃത്യത്തിന് ബന്ധമില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ബംഗാള്‍ സ്വദേശിയായ അഫ്രാസുല്‍ ഖാന്‍ എന്ന യുവാവിനെ ശംഭുലാല്‍ എന്നയാള്‍ ശനിയാഴ്ചയാണ് മഴുകൊണ്ട് ഗുരുതരമായി വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ജീവനോടെ തീക്കൊളുത്തി കൊന്നത്. സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയ ശേഷം ലൗ ജിഹാദ് നടത്തുന്നവര്‍ക്ക് ഇതായിരിക്കും ഗതിയെന്ന് പറഞ്ഞ് ശംഭുലാല്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

കൊല്ലപ്പെട്ട അഫ്രാസുല്‍ ഖാന്റെ ജന്മനാടായ ബംഗാളില്‍ ഇപ്പോഴും സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ല. മാല്‍ഡ ജില്ലയിലെ സയിദ്പൂരിലുള്ള അഫ്‌സറുള്‍ ഖാന്റെ വീട് വിവിധ രാഷ്ട്രീയ നേതാക്കള്‍ സന്ദര്‍ശിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ പ്രകടനങ്ങള്‍ നടത്തി.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇയാളുടെ കുടുംബത്തിന് ജോലിയും മറ്റു ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

Top