സ്വന്തം സമുദായത്തില്‍ നിന്നും പിന്തുണ കിട്ടിയില്ല; മുസ്ലീം കുടുംബം ഹിന്ദുമതം സ്വീകരിച്ചു

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ശിവരാജ് സിംഗ് ചൗഹാന്റെ മണ്ഡലത്തില്‍ 13 മുസ്ലീം കുടുംബാംഗങ്ങള്‍ ഹിന്ദുമതം സ്വീകരിച്ചു. വലതുപക്ഷ സംഘടനയായ യുവ ഹിന്ദു വാഹിനിയുടെ നേതൃത്വത്തില്‍ നടത്തിയ ചടങ്ങിലാണ് സ്ത്രീകളും പുരുഷന്‍മാരും കുട്ടികളുമടങ്ങുന്ന സംഘം ഹിന്ദു മതം സ്വീകരിച്ചത്.

തങ്ങളുടെ കുടുംബത്തില്‍ ഒരു കൊലപാതകം നടന്നിട്ടും മുസ്ലീം സമുദായത്തില്‍ നിന്ന് പിന്തുണ കിട്ടിയില്ലെന്നും ആരോപിച്ചാണ് ഇവര്‍ ഹിന്ദുമതത്തിലേയ്ക്ക് എത്തിയത്.

കുടുംബത്തില്‍ നടന്നത് ആത്മഹത്യയാണെന്നാണ് പോലീസ് വാദം. എന്നാല്‍ അത് തങ്ങള്‍ വിശ്വസിക്കുന്നില്ല. കേസില്‍ ആവശ്യമായ പിന്തുണ സ്വന്തം മതത്തില്‍ നിന്നും കിട്ടിയില്ല. ഹിന്ദു മതത്തില്‍ നിന്നും തികഞ്ഞ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുടുംബം പറഞ്ഞു.

ജനുവരിയിലാണ് 22 കാരനായ ഗുല്‍ഹാസനും കുടുബവും ബദാര്‍ഗ ഗ്രാമത്തില്‍ നിന്നും നവാദ ഗ്രാമത്തിലേക്ക് താമസം മാറ്റിയത്. മുസ്‌ലീം പ്രാതിനിധ്യം ഉള്ള പ്രദേശമാണിത്. ഇവിടെ വീട് വാടകയ്‌ക്കെടുത്ത് താമസം തുടങ്ങുകയായിരുന്നു കുടുംബം. ഗുല്‍ഹാസന്‍ തുണിക്കച്ചവടവും തുടങ്ങി. എന്നാല്‍ ജൂലൈ 22 ന് ഗുല്‍ഗാസനെ സ്വന്തം കടയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു. ഗ്രാമത്തിലെ തന്നെ ചില ശത്രുക്കളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കുടുംബം വിശ്വസിക്കുന്നതെന്ന് ഗുല്‍ഹാസന്റെ സഹോദരന്‍ ദില്‍ഷാദ് പറയുന്നു.

കേസില്‍ ആദ്യം പൊലീസ് എഫ്.ഐ.ആര്‍ പോലും ഇട്ടില്ല. പ്രതിഷേധത്തെ തുടര്‍ന്ന് എഫ്.ഐ.ആര്‍ ഇട്ടെങ്കിലും ആരെയും ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ല. നീതിയ്ക്ക് വേണ്ടി പോരാടാനാണ് തീരുമാനമെന്നും സഹോദരന്‍ വ്യക്തമാക്കി.

ഒരു മാസം മുന്‍പാണ് യുവ ഹിന്ദുവാഹിനിയുമായി കുടുംബം ബന്ധപ്പെട്ടത്. കുടുംബത്തിലെ 20ഓളം ആളുകള്‍ മതംമാറ്റത്തിന് തയ്യാറായിരുന്നു. എന്നാല്‍ ചിലര്‍ പിന്‍മാറി. 13 പേരാണ് ഇപ്പോള്‍ മതംമാറിയിരിക്കുന്നത്.

അതേസമയം ഹിന്ദുമതത്തിലേക്കെത്തുന്ന ആളുകളെയെല്ലാം തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് യുവ ഹിന്ദു വാഹിനി ഭാരതിന്റെ ദേശീയ പ്രസിഡ് കൂടിയായ ശിവരാജ് സിങ് ചൗഹാന്‍ പ്രതികരിച്ചു. ഹിന്ദു സഹോദരങ്ങളുടെ ക്ഷേമത്തിനായാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഘര്‍ വാപ്പസിക്ക് തയ്യാറാകുന്നവരേയും ഞങ്ങള്‍ സഹായിക്കും. ഇത്തരത്തില്‍ ഭഗപതില്‍ നിന്നുള്ള കുടുംബത്തിനും എല്ലാ വിധ സഹായങ്ങളും ഞങ്ങള്‍ ചെയ്യുമെന്നും ശിവരാജ് സിങ് ചൗഹാന്‍ പ്രതികരിച്ചിരുന്നു.

സ്വന്തം താത്പര്യപ്രകാരമാണ് മതംമാറ്റമെന്ന് കുടുംബം സത്യവാങ്മൂലം എഴുതിനല്‍കിയിട്ടുണ്ടെന്ന് ഭഗ്പത് ജില്ലാ മജിസ്‌ട്രേറ്റ് ഋഷിരേന്ദ്രകുമാര്‍ പ്രതികരിച്ചു.

Top