muslim couple kicked off flight for sweating saying allah

ചിക്കാഗോ : ഇനി വിമാനത്തില്‍ നിന്ന് ആരെങ്കിലും വിയര്‍ത്താല്‍ ജാഗ്രത! നിങ്ങള്‍ കുടുംബ സമേതം പുറത്താക്കപ്പെടും.

പാക്ക് വംശജരായ അമേരിക്കന്‍ മുസ്‌ലിം ദമ്പതിമാരെ സംശയകരമായി വിയര്‍ക്കുന്നുവെന്നും അല്ലാഹുവെന്നു പറഞ്ഞുവെന്നും കാരണം പറഞ്ഞ് വിമാനത്തില്‍ നിന്ന് പുറത്താക്കി.

ജൂലൈ 26 ന് പാരിസില്‍നിന്ന് ഒഹിയോയിലെ സിന്‍സിനാരിയിലേക്കുള്ള ഡെല്‍റ്റാ എയര്‍ലൈന്‍സിന്റെ വിമാനത്തിലായിരുന്നു സംഭവം. അമേരിക്കന്‍ പൗരന്മാരായ ഫൈസലും നാസിയയും മൂന്നു മക്കള്‍ക്കൊപ്പം പാരിസില്‍ അവധിക്കാലം ചെലവഴിച്ചു മടങ്ങുകയായിരുന്നു.

ഫൈസല്‍ വിയര്‍ക്കുന്നുണ്ടെന്നും ‘അല്ലാഹ്’ എന്നു പറഞ്ഞെന്നും നാസിയ തലയില്‍ സ്‌കാര്‍ഫ് ധരിച്ചു ഹെഡ് സെറ്റ് വച്ചാണ് ഇരിക്കുന്നതെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്നും വിമാനത്തിലെ ഒരു ജീവനക്കാരി പൈലറ്റിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്, ദമ്പതികളെ പുറത്താക്കിയില്ലെങ്കില്‍ വിമാനം പറത്തില്ലെന്ന് പൈലറ്റ് ഗ്രൗണ്ട് സ്റ്റാഫിനെ അറിയിച്ചു.

വിമാനത്തില്‍ 45 മിനിറ്റോളം ഇരുന്നതിനുശേഷമാണ് തങ്ങളെ പുറത്തിറക്കിയതെന്ന് നാസിയ പറഞ്ഞു. ജീവനക്കാരില്‍ ഒരാളെത്തി പുറത്തേക്കു വരാമോയെന്നു ചോദിച്ചു. ഞങ്ങളുടെ സാധനങ്ങള്‍ എടുക്കണോയെന്നു ചോദിച്ചപ്പോള്‍, എല്ലാം എടുത്തോളാനും നിങ്ങള്‍ ഈ വിമാനത്തില്‍ പോകുന്നില്ലെന്നും പറഞ്ഞുവെന്നും നാസിയ കൂട്ടിച്ചേര്‍ത്തു.

കുറച്ചു നേരത്തെ ചോദ്യം ചെയ്യലിനുശേഷം ‘കുഴപ്പമൊന്നുമില്ല. നിങ്ങള്‍ പൊയ്‌ക്കോളൂ’ എന്ന് അവര്‍ അറിയിക്കുകയായിരുന്നുവെന്നും നാസിയ വ്യക്തമാക്കി.

സംഭവത്തില്‍ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് അന്വേഷണമാവശ്യപ്പെട്ടിട്ടുണ്ട്.സംഭവം പുറത്തായതോടെ വിമാന ജീവനക്കാര്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

Top