ഹിജാബ് വിധിയില്‍ പ്രതിഷേധിച്ച് നാളെ കര്‍ണാടകയില്‍ ബന്ദ് പ്രഖ്യാപിച്ച് മുസ്ലിം സംഘടനകള്‍

ബംഗളൂരു: ഹിജാബ് വിഷയത്തിലെ ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം ചെയ്ത് മുസ്ലിം സംഘടനകള്‍. സംസ്ഥാനത്തെ അമീര്‍ ഇ ശരിയത്ത് മൗലാന സഹീര്‍ അഹമ്മദ് ഖാന്‍ റഷാദിയാണ് ബന്ദ് പ്രഖ്യാപിച്ചത്. നൂറോളം മുസ്ലിം സംഘടനകള്‍ ബന്ദിനെ പിന്തുണക്കുന്നുണ്ട്. ‘ഹിജാബ് വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ വിഷമകരമായ വിധിയില്‍ പ്രതിഷേധം അറിയിക്കുന്നതിന് വേണ്ടി സംസ്ഥാനത്ത് വ്യാഴാഴ്ച ബന്ദ് ആചരിക്കുകയാണ്’, റഷാദി പറഞ്ഞു.

യൂണിഫോം ധരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഹൈക്കോടതി ഹിജാബ് ഹര്‍ജികള്‍ തള്ളിയത്. യൂണിഫോം നിര്‍ദ്ദേശിക്കുന്നത് മൗലികാവകാശങ്ങള്‍ക്ക് മേലുള്ള ന്യായമായ നിയന്ത്രണമാണെന്ന് കോടതി നിരീക്ഷിച്ചു. ഇസ്ലാം മതവിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് അനിവാര്യമായ ആചാരമല്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് വിധി പറഞ്ഞത്.

ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. 11 ദിവസമാണ് കേസില്‍ കോടതി വാദം കേട്ടത്. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നായിരുന്നു കര്‍ണാടക സര്‍ക്കാര്‍ നിലപാട്. ഭരണഘടനയുടെ 25 ആം അനുച്ഛേദം ഹിജാബിന്റെ കാര്യത്തില്‍ ബാധകമല്ലെന്ന വാദവും സര്‍ക്കാര്‍ ഉന്നയിക്കുന്നു. ഹിജാബ് വിഷയത്തില്‍ ഇടനിലക്കാരെ പോലെ ഇടപെടാനാകില്ലെന്നും ഭരണഘടനാപരമായ വിഷയങ്ങളാണ് പരിശോധിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വിധി വരുംവരെ ക്ലാസ് മുറികളില്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസത്രങ്ങള്‍ ധരിക്കുന്നതിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Top