മസ്‌കിന്റെ എഐ കമ്പനി ചാറ്റ് ബോട്ടായ ഗ്രോക്കിനെ ഓപ്പണ്‍ സോഴ്സ് ആക്കും; പ്രഖ്യാപനം നടത്തി

ലോണ്‍ മസ്‌കിന്റെ എഐ കമ്പനി ചാറ്റ് ബോട്ടായ ഗ്രോക്കിനെ ഓപ്പണ്‍ സോഴ്സ് ആക്കുന്നു. മസ്‌ക് തന്നെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മസ്‌കിന്റെ സോഷ്യല്‍ മീഡിയാ പ്ലാ റ്റ്ഫോമായ എക്സിനൊപ്പമാണ് ഗ്രോക്ക് ചാറ്റ് ബോട്ട് ലഭിക്കുക. ഈ ആഴ്ച ഗ്രോക്കിനെ ഓപ്പണ്‍സോഴ്സ് ആക്കി മാറ്റുമെന്നാണ് മസ്‌കിന്റെ പ്രഖ്യാപനം. ഓപ്പണ്‍ സോഴ്‌സ് ആക്കിമാറ്റുന്നതോടെ ഗ്രോക്ക് ചാറ്റ്‌ബോട്ട് രൂപകല്‍പന ചെയ്ത കോഡ് പുറത്തുള്ളവര്‍ക്ക് ലഭ്യമാകും. മറ്റ് ഡെവലപ്പര്‍മാര്‍ക്ക് കോഡ് വിലയിരുത്താനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും സാധിക്കും. ഓപ്പണ്‍ സോഴ്‌സ് ആക്കുന്നത് സോഫ്റ്റ് വെയറിന്റെ സുരക്ഷിതത്വം മെച്ചപ്പെടുത്തുമെന്ന് പറയാറുണ്ട്. ഒപ്പം അതിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് സുതാര്യതയും ഉറപ്പുനല്‍കുന്നു.

ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐയക്കുള്ള മറുപടിയായാണ് മസ്‌കിന്റെ ഈ നീക്കം. ജനറേറ്റീവ് എഐ മോഡലായ ജിപിടി 4 രൂപകല്‍പനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യമാക്കി വെച്ച് എഐ സാങ്കേതിക വിദ്യ ജനങ്ങള്‍ക്ക് ലഭ്യമാക്കിയതിനെതിരെ മസ്‌ക് രംഗത്തുവന്നിരുന്നു. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓപ്പണ്‍ എഐ പിന്നീട് ലാഭം ലക്ഷ്യമിട്ടുള്ള സ്ഥാപനമായി മാറുകയും എഐ സാങ്കേതിക വിദ്യയെ വാണിജ്യാടിസ്ഥാനത്തില്‍ വിതരണം ചെയ്യാന്‍ തുടങ്ങുകയും ചെയ്തിരുന്നു. ഓപ്പണ്‍ എഐ ഒരു നുണയായിരുന്നു എന്നാണ് മസ്‌ക് പറയുന്നത്. ഓപ്പണ്‍ എഐ അല്ല ക്ലോസ്ഡ് എഐ ആണ് എന്ന മീമുകളും അദ്ദേഹം പങ്കുവെക്കുകയുണ്ടായി.

ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനാണ് ഇലോണ്‍ മസ്‌ക്. പിന്നീട് ചില അഭിപ്രായ വെത്യാസങ്ങളെ തുടര്‍ന്നാണ് മസ്‌ക് കമ്പനി വിട്ടത്. ഇതിന് ശേഷമാണ് ഓപ്പണ്‍ എഐ ലാഭം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയായി മാറിയത്. ചാറ്റ് ജിപിടി വന്‍ വിജയമാവുകയും ഓപ്പണ്‍ എഐ മുന്‍നിരയിലേക്ക് ഉയരുകയും ചെയ്തപ്പോഴാണ് മസ്‌ക് കമ്പനിക്കെതിരെ രംഗത്തുവന്നത്. ഓപ്പണ്‍ എഐ ലാഭം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നതിനെ മസ്‌ക് അംഗീകരിച്ചിരുന്നുവെന്നാണ് ഓപ്പണ്‍ എഐ പ്രതികരണം. അദ്ദേഹവുമായി കരാര്‍ ഒന്നുമില്ലായിരുന്നുവെന്നും കമ്പനി വ്യക്തമാക്കുന്നു.

Top