കാർബൺ ഡൈ ഓക്‌സൈഡിനെ റോക്കറ്റ് ഇന്ധനമാക്കാൻ മസ്‌ക്

ന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്‌സൈഡ് പുറത്തെടുത്ത് ഇന്ധനമാക്കി ഉപയോഗിക്കുമെന്ന് സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്ക് പ്രഖ്യാപിച്ചു. ട്വീറ്റ് വഴിയാണ് ഇത്തരമൊരു ആശയം മസ്ക് ലോകത്തോട് പങ്കുവച്ചത്. അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്‌സൈഡ് പുറത്തെടുത്ത് റോക്കറ്റിൽ ഇന്ധനമാക്കി മാറ്റാനുള്ള ഒരു പദ്ധതി സ്‌പേസ് എക്‌സ് ആരംഭിക്കുകയാണെന്നും മസ്‌ക് പറഞ്ഞു. ഇത് ചൊവ്വാ യാത്രയ്ക്ക് പ്രധാനപ്പെട്ടതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്പേസ് എക്സിന്റെ ഫാൽക്കൺ റോക്കറ്റിൽ ഇപ്പോൾ മണ്ണെണ്ണയാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഇത് പരിസ്ഥിതിക്കും ഭൂമിക്കും ഏറെ ഭീഷണിയാണ്. കാലാവസ്ഥാ പ്രതിസന്ധിക്ക് കാർബൺ ഡൈ ഓക്സൈഡ് വലിയ വെല്ലുവിളിയാണ് എന്നാണ് മിക്ക വിദഗ്ധരും പറയുന്നത്. ഈ അവസരത്തിലാണ് മസ്കിന്റെ പുതിയ ആശയം വരുന്നതെന്നതും ശ്രദ്ധേയമാണ്.

അതേസമയം, സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് ഇതുവരെ വികസിപ്പിച്ചിട്ടില്ലാത്ത ലോകത്തിലെ ഏറ്റവും ശക്തമായ വിക്ഷേപണ വാഹനമായിരിക്കും, കൂടാതെ 100 മെട്രിക് ടണ്ണിൽ കൂടുതൽ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകാനുള്ള ശേഷിയും ഉണ്ടാകുമെന്നും സ്പേസ്എക്സ് അറിയിച്ചു.

‘സ്റ്റാർഷിപ്പ് സെക്കൻഡിൽ 7.5 കിലോമീറ്റർ വേഗത്തിൽ ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുകയും വായുചലനശാസ്ത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുകയും ചെയ്യും. വാഹനത്തിന്റെ ഹീറ്റ് ഷീൽഡ് ഒന്നിലധികം എൻട്രികളെ നേരിടാൻ രൂപകൽപന ചെയ്തിട്ടുള്ളതാണ്. എന്നാൽ വാഹനം ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് എത്തുമ്പോൾ കൂടുതൽ ചൂടാകാൻ സാധ്യതയുണ്ട്. ഇതിനാൽ തന്നെ ഹീറ്റ് ഷീൽഡിന്റെ ചില ഭാഗങ്ങൾ നഷ്ടപ്പെടുമെന്നാണ് കരുതുന്നതെന്നും സ്പേസ്എക്സ് റിപ്പോർട്ടിൽ പറയുന്നു.

Top