കോടീശ്വരനായത് കൊണ്ട് മകനെ ഓർത്ത് അഭിമാനം തോന്നുന്നില്ലെന്ന് ഇലോണ്‍ മസ്കിന്‍റെ പിതാവ്

സിഡ്നി: കോടീശ്വരനായത് കൊണ്ട് മകനെ ഓർത്ത് അഭിമാനം തോന്നാറില്ലെന്ന് ഇലോൺ മസ്കിന്റെ പിതാവ് ഇറോൾ മസ്ക്. മസ്ക് കുടുംബം ദീർഘകാലം കൊണ്ട് സ്വരൂകൂട്ടിയാണ് ഒരോ നേട്ടങ്ങളും ഉണ്ടാക്കിയത്. ഓസ്‌ട്രേലിയൻ റേഡിയോ സ്റ്റേഷനായ കിസ് എഫ്‌എമ്മിലെ ‘കൈൽ ആൻഡ് ജാക്കി ഓ’സ് ഷോ’യിൽ 76 കാരനായ ഇറോൾ മസ്ക് മനസ് തുറന്നു.

ടെസ്‌ല മേധാവിയായ ഇലോൺ മസ്കിനെ കുറിച്ചും മറ്റ് മസ്‌ക് കുടുംബത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇലോണിന്റെ ഇളയ സഹോദരൻ കിംബലിനെ കുറിച്ചും സംസാരിച്ചു. അഭിമുഖത്തിൽ ഇറോൾ തന്‍റെ ശതകോടീശ്വരനായ മകന്റെ വിജയത്തിന് വലിയ വിലയൊന്നും നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കോടീശ്വരനായ ,പ്രതിഭയായ മകനെ കുറിച്ച് ഓർത്ത് അഭിമാനിക്കുന്നുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് 76-കാരൻ പറഞ്ഞ മറുപടി “ഇല്ല. നിങ്ങൾക്കറിയാമോ, ഞങ്ങൾ വളരെക്കാലമായി ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന കുടുംബമാണ്. പെട്ടെന്ന് ഒരിക്കൽ എന്തെങ്കിലും ചെയ്യാൻ തുടങ്ങിയവരല്ല.” തന്റെ ആദ്യ ഭാര്യ മേ മസ്‌കിൽ നിന്നുള്ള മക്കൾ – ഇലോൺ, ടോസ്ക, കിംബൽ – ചെറുപ്പം മുതലെ തന്നോടൊപ്പം ലോകമെമ്പാടും സഞ്ചരിച്ചിട്ടുണ്ടെന്നും ചൈന, ആമസോൺ മഴക്കാടുകൾ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും ഇറോൾ അവതാരികയോട് പറഞ്ഞു. “അവർ ഒരുപാട് കാര്യങ്ങൾ കണ്ടിട്ടുണ്ട്, ഞങ്ങൾ ഒരുമിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുമുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

അവനിപ്പോൾ 50 വയസ്സായി. ഞാൻ ഇപ്പോഴും അവനെ ഒരു കൊച്ചുകുട്ടിയായിട്ടാണ് കരുതുന്നത്. ഇലോണിന്റെ ഇളയ സഹോദരനായ 49-കാരനായ മകൻ കിംബൽ മസ്‌ക് തന്‍റെ “അഭിമാനവും സന്തോഷവും” ആണെന്നും ഇറോൾ കൂട്ടിച്ചേർത്തു. ക്രിസ്റ്റ്യാന വൈലിയുമായുള്ള വിവാഹത്തിൽ കിമ്പാൽ ഭാഗ്യവാനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്‌പേസ് എക്‌സ് സിഇഒയ്ക്ക് വേണ്ടി കരിയർ ഉപേക്ഷിക്കുന്ന ഒരു പങ്കാളിയെ കണ്ടെത്താൻ കഴിയാത്തതിൽ വിഷമമുണ്ടെന്നും ഇറോൾ പറഞ്ഞു. ഇലോണിന് നാല് വ്യത്യസ്ത സ്ത്രീകളിലായി ഒമ്പത് കുട്ടികളുണ്ടെങ്കിലും നിലവിൽ അദ്ദേഹം അവിവാഹിതനായി തുടരുകയാണെന്നും ഇലോണിന്‍റെ പിതാവ് പറയുന്നു.

Top