നിലപാട് മാറ്റി മസ്‌ക്; പേര് മാറ്റിയ അക്കൗണ്ടുകള്‍ക്ക് സ്ഥിരവിലക്ക്

ട്വിറ്ററില്‍ എന്തും പറയാനുള്ള സ്വാതന്ത്ര്യം വേണമെന്നും അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ആളുകളെ സ്ഥിരമായി വിലക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമുള്ള മുൻ നിലപാടിൽ ഇളവ് വരുത്തി ഇലോണ്‍ മസ്‌ക്. ട്വിറ്ററില്‍ തന്റെ അക്കൗണ്ടിന്റെ പേര് ഇലോണ്‍ മസ്‌ക് എന്നാക്കി മാറ്റിയ ഹാസ്യകലാകാരി കാത്തിഗ്രിഫിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് ഇപ്പോള്‍ സ്ഥിരവിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് കമ്പനി.

തമാശയ്ക്കാണെന്ന് വ്യക്തമാക്കാതെ ട്വിറ്ററില്‍ പേര് മാറ്റി ആള്‍മാറാട്ടം നടത്തിയാല്‍ അക്കൗണ്ട് സ്ഥിരമായി സസ്‌പെന്‍ഡ് ചെയ്യപ്പെടുമെന്ന് മസ്‌ക് പറഞ്ഞു. നടപടിയില്‍ ചോദ്യങ്ങളുമായി ഉപഭോക്താക്കള്‍ എത്തിയതോടെ, ഇത് സംബന്ധിച്ച് മസ്‌ക് കൂടുതല്‍ വിശദീകരണങ്ങളുമായി എത്തി.

‘സസ്‌പെന്‍ഷന്‍ സംബന്ധിച്ച് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ വെരിഫിക്കേഷന്‍ സംവിധാനം പ്രാബല്യത്തില്‍ എത്തിച്ചുകൊണ്ടിരിക്കുന്നതിനാല്‍ മുന്നറിയിപ്പുണ്ടാവില്ല. ഏത് തരം പേര് മാറ്റവും താത്കാലികമായി വെരിഫിക്കേഷന്‍ മാര്‍ക്ക് നഷ്ടമാകുന്നതിന് ഇടയാക്കും,’ അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് വിവിധ അക്കൗണ്ടുകള്‍ അവയുടെ പേര് ഇലോണ്‍ മസ്‌ക് എന്നാക്കി മാറ്റിയിരുന്നു. അക്കൂട്ടത്തിലാണ് കാത്തി ഗ്രിഫിനും ഓസ്‌ട്രേലിയന്‍ ആക്ഷേപഹാസ്യ വെബ്‌സൈറ്റായ ദി ചേസറും പേര് മാറ്റിയത്. കണ്ടന്റ് മോഡറേറ്റര്‍മാരെ എല്ലാവരേയും പിരിച്ചുവിട്ടിട്ടില്ലെന്ന് തോന്നുന്നു.’ എന്നാണ് കാത്തി ഗ്രിഫിത്ത് ഇതിനോട് തമാശ രൂപേണ പ്രതികരിച്ചത്.

വെരിഫിക്കേഷന്‍ ചെക്ക്മാര്‍ക്കിന് പ്രതിമാസം എട്ട് ഡോളര്‍ ഈടാക്കിക്കൊണ്ടുള്ള പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ കമ്പനി അവതരിപ്പിച്ചതോടെയാണ് ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അക്കൗണ്ടുകളുടെ ആധികാരികത ട്വിറ്റര്‍ പരിശോധിച്ചുറപ്പിച്ചിരിക്കുന്നു എന്നാണ് ചെക്ക്മാര്‍ക്ക് അര്‍ത്ഥമാക്കുന്നത്. പണം കൊടുത്താല്‍ വെരിഫിക്കേഷന്‍ ലഭിക്കുമെന്ന സാഹചര്യം ഉണ്ടായാല്‍ രാഷ്ട്രീയക്കാരായും, മാധ്യമപ്രവര്‍ത്തകരായുമെല്ലാം ആൾമാറാട്ടം നടത്തി ആര്‍ക്കും വെരിഫൈഡ് അക്കൗണ്ട് ലഭിക്കുന്ന സാഹചര്യം വരുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

Top