സംഗീത സ്‌കൂള്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി ഉസ്താദ് അംജദ് അലിഖാന്‍

തിരുവനന്തപുരം:പ്രശസ്ത സരോദ് വാദകന്‍ ഉസ്താദ് അംജദ് അലിഖാന്‍ തുടങ്ങാനിരുന്ന രാജ്യാന്തര സംഗീത സ്‌കൂള്‍ പദ്ധതി ഉപേക്ഷിച്ചു. ഭൂമി വിട്ടുകിട്ടുന്നതിലെ കാലതാമസവും വാടകയുമാണ് പ്രശ്‌നങ്ങള്‍. സൗജന്യമായി നല്‍കാമെന്ന് പ്രഖ്യാപിച്ച ഭൂമിക്ക് വര്‍ഷം 15 ലക്ഷം രൂപ വാടകയാണ് ചോദിച്ചിരിക്കുന്നത്. സംഗീത സ്‌കൂള്‍ പദ്ധതിയില്‍ നിന്നും പിന്മാറുകയാണന്ന് കാണിച്ച് അംജദ് അലിഖാന്‍ സര്‍ക്കാരിന് കത്ത് നല്‍കി. സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി മുഖേനയാണ് കത്ത് നല്‍കിയിരിക്കുന്നത്.

2013-ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് തിരുവനന്തപുരം വേളിയില്‍ രണ്ടരയേക്കര്‍ സ്ഥലം സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. പക്ഷേ വര്‍ഷം 7 കഴിഞ്ഞിട്ടും സ്ഥലം കൈമാറിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും റവന്യൂ, ടൂറിസം വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഭൂമി വിട്ടുകൊടുക്കാന്‍ തയാറായില്ലെന്ന് പദ്ധതിക്ക് മുന്‍കൈ എടുത്ത സുര്യ കൃഷ്ണമൂര്‍ത്തി പറയുന്നു. ഉദ്യോഗസ്ഥരാണ് പദ്ധതി അട്ടിമറിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

സ്‌കൂളില്‍ ഗുരുകുല സമ്പ്രദായത്തിലുള്ള പഠനമാണ് വിഭാവനം ചെയ്തിരുന്നത്. സ്‌കൂളിന്റെ നടത്തിപ്പിനായി തിരുവനന്തപുരത്തേക്ക് താമസം മാറ്റാനും അംജദ് അലി ഖാന്‍ ആഗ്രഹിച്ചിരുന്നു.

Top