സംഗീതം മാത്രമല്ല, സിനിമയും വഴങ്ങും; യുവന്‍ ശങ്കര്‍ രാജ സംവിധായകനാകുന്നു

ഗാനരചയിതാവ് യുവന്‍ ശങ്കര്‍ രാജ സംവിധാനത്തിലേക്ക്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് താന്‍ സംവിധാനത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി യുവന്‍ പറഞ്ഞത്. ഒരു സിനിമയ്ക്കായുള്ള സ്‌ക്രിപ്റ്റ് തയ്യാറായിട്ടുണ്ടെന്നും തന്റെ ആരാധകര്‍ക്ക് വൈകാതെ തന്നെ ഒരു സംവിധായകനെ കാണാമെന്നും യുവന്‍ പറഞ്ഞു. ചിത്രം അടുത്ത വര്‍ഷം ആരംഭിക്കുമെന്നും യുവന്‍ വ്യക്തമാക്കി. ഗാനരചയിതാവ് ഇളയരാജയുടെ മകനാണ് യുവന്‍ ശങ്കര്‍ രാജ.

പ്രേക്ഷക ചിന്തകള്‍ക്ക് അപ്പുറത്തായിരിക്കും തന്റെ ചിത്രമെന്നും തന്നില്‍ നിന്ന് ഒരിക്കലും ഇങ്ങനെയൊരു ചിത്രം ആരും പ്രതീക്ഷിക്കില്ലെന്നും യുവന്‍ പറഞ്ഞു. സ്‌ക്രിപ്റ്റ് തയ്യാറാക്കുമ്പോള്‍ ഒരുപാട് ചിന്തകള്‍ മനസ്സിലേക്ക് കയറി വരുമെന്നും അത് വ്യത്യസ്തമായ ഒരു അുഭവമാണെന്നും യുവന്‍ കൂട്ടിച്ചേര്‍ത്തു.

ജര്‍മന്‍ ഫിലിം കംപോസറും സംവിധായകനുമായ ടോം ട്വികറിന്റെ 2006ല്‍ പുറത്തിറങ്ങിയ പെര്‍ഫ്യൂം എന്ന ചിത്രമാണ് സംവിധാനത്തിലേക്ക് തന്നെ ആകര്‍ഷിച്ചതെന്നും യുവന്‍ പറഞ്ഞു.

Top