പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാന്‍ അന്തരിച്ചു. 42 വയസ്സായിരുന്നു. വൃക്കയിലെ അണുബാധയെത്തുടര്‍ന്ന് മുംബൈ ചേമ്പുരിലെ സുരാന ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.

അതേസമയം വാജിദിന് കോവിഡ് സ്ഥിരീകരിച്ചിരുവെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സഹോദരന്‍ സാജിദുമായി ചേര്‍ന്ന് നിരവധി സിനിമകള്‍ക്ക് അദ്ദേഹം സംഗീതം ഒരുക്കിയിട്ടുണ്ട്. വാണ്ടഡ്, എക്താ ടൈഗര്‍, ദബാങ് തുടങ്ങിയ വാജിദ് ഖാന്‍ സംഗീതമൊരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ്.

1998ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രമായ പ്യാര്‍ കിയ തോ ഡര്‍ണ ക്യാ എന്ന ചിത്രത്തിലൂടെയാണ് വാജിദ്-സാജിദ് സഖ്യം ബോളിവുഡ് സംഗീതസംവിധാന രംഗത്തേക്കെത്തുന്നത്. ഐപിഎല്‍ നാലാം സീസണിലെ ‘ധൂം ധൂം ധൂം ദമാക്ക’ എന്ന തീം സോങ് ഒരുക്കിയതും വാജിദ്-സാജിദ് കൂട്ടുകെട്ടാണ്.

മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ പ്രിയങ്ക ചോപ്ര, വരുണ്‍ ധവാന്‍, ശങ്കര്‍ മഹാദേവന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ സോഷ്യല്‍ മീഡിയകളിലൂടെ വാജിദിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Top