രാജ്യാന്തര ടി20യില്‍ നിന്ന് മുഷ്‌ഫീഖുര്‍ റഹീം വിരമിച്ചു

ഷ്യാ കപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ രാജ്യാന്തര ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഷ്‌ഫീഖുര്‍ റഹീം. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനമെന്ന് മുഷ്‌ഫീഖുര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ടെസ്റ്റിലും ഏകദിനത്തിലും ബംഗ്ലാ ടീമിനെ അഭിമാനത്തോടെ പ്രതിനിധീകരിക്കാനാകുമെന്നാണ് പ്രതീക്ഷ എന്നും മുഷ്‌ഫീഖുര്‍ റഹീം വ്യക്തമാക്കി. ഇതോടെ അടുത്ത മാസം ഓസ്‌ട്രേലിയയില്‍ ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ മുഷ്‌ഫീഖുര്‍ കളിക്കില്ലെന്ന് ഉറപ്പായി. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ താരം തുടര്‍ന്നും കളിക്കും.

ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറില്‍ ഇടംപിടിക്കാതെ ബംഗ്ലാദേശ് പുറത്തായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനോട് തോറ്റ ബംഗ്ലാ കടുവകളെ ശ്രീലങ്ക രണ്ടാം മത്സരത്തില്‍ തോല്‍പിച്ച് ടൂര്‍ണമെന്റിന് പുറത്തേക്ക് പറഞ്ഞയക്കുകയായിരുന്നു. അഫ്‌ഗാനിസ്ഥാനോട് ഏഴ് വിക്കറ്റിനും ലങ്കയോട് രണ്ട് വിക്കറ്റിനുമായിരുന്നു ബംഗ്ലാ ടീമിന്റെ തോല്‍വി. ടൂര്‍ണമെന്റിലെ രണ്ട് മത്സരങ്ങളിലും ബാറ്റ് കൊണ്ട് തിളങ്ങാന്‍ മുഷ്‌ഫീഖുര്‍ റഹീമിനായില്ല. 4, 1 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ഇതാണ് രാജ്യാന്തര ടി20യില്‍ നിന്ന് വിരമിക്കാന്‍ മുപ്പത്തിയഞ്ചുകാരനായ താരത്തെ പ്രേരിപ്പിച്ചത്. ലങ്കയ്‌ക്കെതിരെ ക്യാച്ച് പാഴാക്കിയത് വിമര്‍ശിക്കപ്പെടുകയും ചെയ്തു.

ടീമിലെ സ്ഥാനം ചോദ്യചിഹ്‌നമായതോടെ മുഷ്‌ഫീഖുര്‍ റഹീമിനെ ലോകകപ്പ് പദ്ധതികളില്‍ നിന്ന് ബംഗ്ലാ ക്രിക്കറ്റ് ബോര്‍ഡ് ഒഴിവാക്കും എന്ന് സൂചനകളുണ്ടായിരുന്നു. ലോകകപ്പിന് മുമ്പ് ഈ മാസാവസാനം ന്യൂസിലന്‍ഡിലേക്ക് ത്രിരാഷ്‌ട്ര പരമ്പരയ്‌ക്ക് പോകുന്നുണ്ട് ബംഗ്ലാ ടി20 ടീം. പാകിസ്ഥാനാണ് പരമ്പരയിലെ മൂന്നാമത്തെ ടീം. ഇതേ ടീമിനെയാകും ടി20 ലോകകപ്പിന് ബംഗ്ലാ ബോര്‍ഡ് അയക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി രാജ്യാന്തര ടി20യില്‍ മോശം പ്രകടനമാണ് മുഷ്‌ഫീഖുര്‍ റഹീം കാഴ്‌ചവെക്കുന്നത്. 2019 നവംബറിന് ശേഷം രണ്ട് അര്‍ധ സെ‍ഞ്ചുറികളെ താരത്തിനുള്ളൂ. കഴിഞ്ഞ ടി20 ലോകകപ്പില്‍ എട്ട് ഇന്നിംഗ്‌സില്‍ 113.38 സ്‌ട്രൈക്ക് റേറ്റില്‍ 144 റണ്‍സാണ് നേടിയത്. പിന്നാലെ പാകിസ്ഥാനെതിരായ ടി20 പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ചിരുന്നു. എന്നാല്‍ തന്നെ ഒഴിവാക്കി എന്നായിരുന്നു റഹീമിന്റെ പ്രതികരണം. പിന്നാലെ ടീമില്‍ വന്നും പോയുമിരുന്നു മുഷ്‌ഫീഖുര്‍ റഹീം. വെസ്റ്റ് ഇന്‍ഡീസ് പര്യടനം വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കിയപ്പോള്‍ പിന്നാലെ സിംബാബ്‌വെ പര്യടനത്തില്‍ താരത്തെ ഉള്‍പ്പെടുത്തിയില്ല. ഇതിന് ശേഷം ഏഷ്യാ കപ്പ് ടീമിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു.

Top