കൊറോണ; ഇന്ന് മുതല്‍ ഒമാനിലേക്ക് പ്രവേശിക്കുന്നതിന് വിദേശികള്‍ക്ക് വിലക്ക്

മസ്‌കറ്റ് : ലോകരാജ്യങ്ങളില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഒമാനിലേക്ക് പ്രവേശിക്കുന്നതിന് വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. എന്നാല്‍ ഈ വിലക്ക് ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ബാധകമല്ല.

വെള്ളിയാഴ്ച നടക്കാറുള്ള ജുമുഅ നിസ്‌കാരവും വിവാഹം, മറ്റു വിനോദ പരിപാടികള്‍ എന്നിവയും ഒമാന്‍ വിലക്കിയിട്ടുണ്ട്. മാത്രമല്ല ഖബറടക്കത്തിന് ആളുകള്‍ ഒത്തുചേരാന്‍ പാടില്ലെന്നും പാര്‍ക്കുകള്‍ മ്യൂസിയങ്ങള്‍ എന്നിവ അടച്ചിടണമെന്നും അധികൃതര്‍ അറിയിച്ചു. കൊറോണ ബാധയെ ചെറുക്കാനായി ഞായറാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റിയിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.

അതേസമയം,രാജ്യത്ത് പ്രവേശിക്കുന്ന മുഴുവന്‍ ആളുകളും ക്വാറന്റൈന്‍ നടപടികള്‍ക്ക് വിധേയരാകണമെന്നാണ് ഒമാന്‍ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഒമാനില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ സി.ബി.എസ്.ഇ. പരീക്ഷകള്‍ സാധാരണ പോലെ നടക്കുമെന്ന് ഇന്നലെ ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരുമാസത്തെ അവധി നല്‍കിയ സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്താന്‍ കഴിയുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷകള്‍ മാറ്റിവെക്കാതെ നടത്താന്‍ അനുമതി നല്‍കിയതായി സ്‌കൂള്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു.

Top