കൂടുതല്‍ വാഹനാപകടങ്ങള്‍ നടന്നത് മസ്‌കറ്റിലെന്ന് റിപ്പോര്‍ട്ട്

road accident

മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടങ്ങളുടെ എണ്ണം കുറഞ്ഞു. ഈ വര്‍ഷത്തെ ആദ്യ അഞ്ചുമാസത്തെ കണക്കെടുക്കുമ്പോള്‍ 39.5 ശതമാനം കുറവ് വാഹനാപകടങ്ങളാണ് ഉണ്ടായതെന്ന് ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം മെയ് അവസാനം വരെ ഉണ്ടായത് 1676 അപകടങ്ങളാണ്. ഇത് ഈ വര്‍ഷം 1014 ആയി കുറഞ്ഞു.

മസ്‌കത്ത് ഗവര്‍ണറേറ്റിലാണ് കൂടുതല്‍ വാഹനാപകടങ്ങള്‍ നടന്നത്. മൊത്തം അപകടങ്ങളുടെ മുപ്പത് ശതമാനമാണ് മസ്‌കറ്റില്‍ നടന്നത്. വടക്കന്‍ ബാത്തിനയും ദാഖിലിയയും ദോഫാര്‍ ഗവര്‍ണറേറ്റുമാണ് തൊട്ടുപിന്നിലെ സ്ഥാനങ്ങളില്‍. 27.7 ശതമാനം അപകടങ്ങളാണ് മറ്റ് ഗവര്‍ണറേറ്റുകളിലായി നടന്നത്. പകല്‍ സമയത്താണ് കൂടുതല്‍ അപകടങ്ങളുണ്ടായത്.

59 ശതമാനം പകല്‍ നടന്നപ്പോള്‍ 41 ശതമാനം അപകടങ്ങള്‍ രാത്രിയാണ് നടന്നത്. അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണത്തില്‍ ഒരാളുടെ കുറവ് ഉണ്ടായി. കഴിഞ്ഞവര്‍ഷം 249 പേര്‍ മരിക്കുകയും 1359 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം 248 പേര്‍ മരിക്കുകയും 1186 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മരിച്ചവരില്‍ 128 പുരുഷന്മാര്‍ അടക്കം 143 പേര്‍ ഒമാനികളാണ്. 97 പുരുഷന്മാര്‍ അടക്കം 105 വിദേശികളും മരിച്ചു. 822 ഒമാനികള്‍ക്കും 364 വിദേശികള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. കര്‍ശന ശിക്ഷാ നടപടികള്‍ ഉള്‍ക്കൊള്ളിച്ച് ഗതാഗത നിയമം ഭേദഗതി ചെയ്തതാണ് അപകടങ്ങളുടെ നിരക്ക് കുറയാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഇതോടൊപ്പം നിരത്തുകളില്‍ നിരീക്ഷണം ശക്തമാക്കിയതിന് ഒപ്പം ബോധവത്കരണ പ്രവര്‍ത്തനങ്ങളും പൊലീസ് നടത്തിവരുന്നുണ്ട്

Top