മുന്‍ ഈജിപ്ത്യന്‍ പ്രസിഡന്റിന്റെ മരണം: അസ്വഭാവികതയുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ്

അന്‍കാര: മുന്‍ ഈജിപ്ത്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടേത് സ്വാഭാവിക മരണമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. തുര്‍ക്കിയില്‍ നടന്ന മുര്‍സി അനുസ്മരണ പ്രാര്‍ഥനാ സംഗമത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആറു വര്‍ഷത്തെ കസ്റ്റഡി കാലത്തെ മുര്‍സിയുടെ ജീവിതവും അന്വേഷണത്തിന്റെ പരിധിയില്‍ വരണമെന്ന് കമ്മീഷന്‍ പറഞ്ഞു. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി, മലേഷ്യന്‍ വിദേശ കാര്യമന്ത്രി സെയ്ഫുദ്ദീന്‍ അബ്ദുല്ല തുടങ്ങിയ നേതാക്കളും മുര്‍സിക്ക് അനുശോചനം രേഖപ്പെടുത്തി.ടുണീഷ്യയിലെ അന്നഹ്ദ പാര്‍ട്ടിയും, ജോര്‍ദാനിലെ മുസ്ലിം ബ്രദര്‍ഹുഡും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഫലസ്തീന്‍ അല്‍ അക്‌സ മസ്ജിദില്‍ പ്രത്യേക പ്രാര്‍ഥന നടന്നു. ആംനസ്റ്റി ഇന്റര്‍നാഷണലും കുടുംബത്തെ അനുശോചനം അറിയിച്ചു.

ഈജിപ്റ്റിലെ പട്ടാള ഭരണകൂടത്തിന്റെ തടവിലായിരുന്നു മുര്‍സി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടത്തിയെന്നാരോപിച്ചാണ് മുര്‍സിയെ അറസ്റ്റ് ചെയ്തത്. ഏഴു വര്‍ഷം മുന്പാണ് മുര്‍സി തടവിലാകുന്നത്.

ഈജിപ്റ്റിലെ ഫ്രീഡം ആന്‍ഡ് ജസ്റ്റീസ് പാര്‍ട്ടിയുടെ ചെയര്‍മാനായിരുന്നു അദ്ദേഹം. ഈജിപ്റ്റില്‍ മുല്ലപ്പൂ വിപ്ലവത്തിനുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലൂടെയാണ് മുര്‍സി അധികാരത്തിലെത്തിയത്. 2013 ജൂലൈയില്‍ പട്ടാള അട്ടിമറിയിലൂടെ മുര്‍സിയെ പുറത്താക്കി.

Top