മുസ്ലീം വേഷമിട്ട് ട്രെയിനിന് കല്ലെറിഞ്ഞു; ബിജെപി പ്രവര്‍ത്തകര്‍ക്ക് പൊലീസ് വക ‘പണി’

മൂര്‍ഷിദാബാദ്: മുസ്ലീം വേഷം ധരിച്ചെത്തി ട്രെയിന്‍ എഞ്ചിന് കല്ലെറിഞ്ഞ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. ബംഗാള്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് ഇവര്‍ ലുങ്കി മുണ്ടെടുത്ത് തൊപ്പി ധരിച്ച് അക്രമം കാണിച്ചത്. ബിജെപി പ്രവര്‍ത്തകനായ അഭിഷേക് സര്‍ക്കാര്‍ എന്ന 21 വയസുകാരനും അഞ്ച് കൂട്ടാളികളുമാണ് പൊലീസ് പിടിയിലായത്.

ബിജെപി പ്രവര്‍ത്തകര്‍ മുസ്ലീം സഹോദരങ്ങള്‍ക്കെതിരെ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിരുന്നെന്ന് നേരത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചൂണ്ടിക്കാട്ടിയിരുന്നു. മമതയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം അരങ്ങേറിയത്.

അതേസമയം അറസ്റ്റിലായ യുവാക്കള്‍ തങ്ങളുടെ യൂട്യൂബ് ചാനലിന് വേണ്ടിയാണ് ട്രെയിനിന് കല്ലെറിയുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്നാണ് പറയുന്നത്. പക്ഷെ ഇവര്‍ പറഞ്ഞ തരത്തില്‍ ഒരു യൂട്യൂബ് ചാനല്‍ നിലവില്‍ ഇല്ലെന്നും ഇത് ആസൂത്രിതമാണെന്നും പൊലീസ് കണ്ടെത്തുകയും ചെയ്തു.

അഭിഷേക് അടക്കമുള്ള സംഘം റെയില്‍വേ ലൈന് സമീപം മുസ്ലീം വേഷത്തില്‍ നില്‍ക്കുന്നത് കണ്ട നാട്ടുകാര്‍ ഇവരെ തടഞ്ഞുവച്ച് പൊലീസിനെ വിളിക്കുകയായിരുന്നു. എന്നാല്‍ സംഭവസ്ഥലത്ത് നിന്നും ഏഴോളം പേര്‍ ഓടിരക്ഷപ്പെട്ടുവെന്നും സൂചനയുണ്ട്. പിടിയിലായ ആറുപേരെ ചോദ്യം ചെയ്തപ്പോഴാണ് ട്രെയിന്‍ എഞ്ചിന് കല്ലെറിഞ്ഞത് വ്യക്തമായത് എന്നാണ് പൊലീസ് നല്‍കുന്ന സൂചന.

അതേസമയം പിടിയിലായ സംഘത്തിന് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് ബിജെപി ജില്ല പ്രസിഡന്റ് ഗൗരി സര്‍ക്കാര്‍ ഘോഷ് പ്രതികരിച്ചു.

Top