രാജസ്ഥാനിലെ ആള്‍ക്കൂട്ട കൊലപാതകം ; പൊലീസും മര്‍ദ്ദിച്ചതായി പരാതി

rajasthan

ജയ്പൂര്‍ : രാജസ്ഥാനിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ മരിച്ച അക്ബര്‍ ഖാനെ പൊലീസും മര്‍ദിച്ചതായി പരാതി. ആള്‍ക്കൂട്ട മര്‍ദനത്തില്‍ അവശനായ അക്ബര്‍ ഖാനെ പൊലീസ് എത്തി കൂട്ടിക്കൊണ്ടുപോയത് പൊലീസ് സ്‌റ്റേഷനിലേക്കാണ് എന്നാണ് പുതിയ വിവരം. ഇയാള്‍ മൂന്നേമുക്കാല്‍ മണിക്കൂര്‍ പൊലീസ് കസ്റ്റഡിയിലായിരുന്നെന്ന് പ്രമുഖ ദേശീയ മാധ്യമം വാര്‍ത്ത പുറത്ത് വിട്ടു.

കഴിഞ്ഞ ശനിയാഴ്ചയാണ് പശുകടത്തിന്റെ പേരില്‍ ഹരിയാന സ്വദേശി അക്ബര്‍ ഖാനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നത്. ഹരിയാനയിലെ കോല്‍ഗ്‌നാവില്‍ നിന്നും രാജസ്ഥാനിലെ രാംഗറിലെ ലാല്‍വാന്ദിയിലേക്ക് രണ്ട് പശുക്കളുമായെത്തിയ അക്ബര്‍ ഖാനെ പ്രദേശത്തെ ഗോരക്ഷ ഗുണ്ടകള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. അമ്പതോളം പേര്‍ ചേര്‍ന്നാണ് അക്ബറിനെ ആക്രമിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ആള്‍വാറിലെ ലല്ലവാന്‍ദിയില്‍ നിന്ന് മൂന്നു പേരെ അറസ്റ്റ് ചെയ്ത് കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് മനഃപൂര്‍വം വൈകിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് കേസന്വേഷണം മുതിര്‍ന്ന ഉദ്യോഗസ്ഥന് കൈമാറി.

മാധ്യമത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം പരിക്കേറ്റയാളെയും കൊണ്ട് നേരെ ആശുപത്രിയിലേക്ക് പോകുന്നതിന് പകരം പൊലീസ് സ്‌റ്റേഷനിലേക്ക് പോയി. പിന്നീട് ഒരു വണ്ടി സംഘടിപ്പിച്ച് പിടിച്ചെടുത്ത പശുക്കളെ ഒരു ആലയില്‍ എത്തിച്ചു. ഇതെല്ലാം കഴിഞ്ഞ് ആശുപത്രിയിലേക്ക് പരിക്കേറ്റയാളെയും കൊണ്ടുപോകുമ്പോള്‍ വാഹനം നിര്‍ത്തി ചായകുടിക്കാനും പൊലീസ് മറന്നില്ലെന്നാണ്. പരിക്കേറ്റ അക്ബറിനെ വാഹനത്തില്‍ വെച്ച് പൊലീസ് മര്‍ദിക്കുന്നത് കണ്ടുവെന്ന് ഒരു സ്ത്രീ പറഞ്ഞതായും മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്.

Top