താനൂർ പ്രതികൾക്കൊപ്പം പി ജയരാജൻ ; ചിത്രങ്ങൾ പുറത്തുവിട്ട് മുസ്‌ലിം ലീഗ്

മലപ്പുറം ; താനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിന്റെ കൊലപാതകത്തിലെ പ്രതികള്‍ക്കൊപ്പം സി.പി.എം നേതാവ് പി. ജയരാജന്‍ അഞ്ചുടിയിലെ ഒരു വീട്ടില്‍ ഒത്തുകൂടിയതിന്റെ ചിത്രങ്ങള്‍ യൂത്ത് ലീഗ് പുറത്തുവിട്ടു. ജയരാജന്‍ അടക്കമുളളവരെ ചോദ്യം ചെയ്യണമെന്നും മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ആറു മാസമായി പരുക്കുകളോടെ ചികില്‍സയില്‍ കഴിയുന്ന ഷംസുദ്ദീന്റെ വീട്ടില്‍ കഴിഞ്ഞയാഴ്ച പി. ജയരാജനും ചില സി.പി.എം നേതാക്കളും പ്രതികള്‍ക്കൊപ്പം ഒത്തുകൂടിയതിന്റെ തെളിവാണ് യൂത്ത് ലീഗ് പുറത്തുവിട്ടത്. പി. ജയരാജന് പുറമെ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ഇ. ജയനേയും ചോദ്യം ചെയ്യണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

കേസിലെ നാല് പ്രതികളും സിപിഎം പ്രവര്‍ത്തകരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നിന്നാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്.

ഇന്നലെ രാത്രിയാണ് അഞ്ചുടി സ്വദേശിയും മുസ്ലീം ലീഗ് പ്രവര്‍ത്തകനുമായ ഇസ്ഹാഖിനെ നാലംഗ സംഘം വെട്ടിക്കൊന്നത്. ഇസ്ഹാഖ് അഞ്ചുടി ജുമാമസ്ജിദിലേക്ക് നമസ്‌കാരത്തിന് പോകുന്ന സമയം പള്ളിക്കടുത്ത് വെച്ചാണ് സംഭവം. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇസ്ഹാഖിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന നിഗമനത്തിലാണ് പൊലീസ്.

രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ സി.പി.എം പ്രവര്‍ത്തകരാണ് ഇസ്ഹാഖിനെ കൊലപ്പെടുത്തിയത് എന്ന് ലീഗ് പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

അതേസമയം പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി ആവശ്യപ്പെട്ടു. പ്രതികള്‍ സിപിഎമ്മുകാരല്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ മടിക്കുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു

കൊലപാതകത്തില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ തീരദേശ മേഖലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ ആചരിച്ചിരുന്നു. വള്ളിക്കുന്ന് മുതല്‍ പൊന്നാനി വരെയുള്ള ആറ് നിയോജക മണ്ഡലങ്ങളിലായിരുന്നു ഹര്‍ത്താല്‍.

Top