കുമ്പളയില്‍ യുവാവിന്റെത് പെണ്‍ സുഹൃത്തിനെ ചൊല്ലിയുള്ള കൊലപാതകം; നാലാമനായി അന്വേഷണം തുടരുന്നു

കാസര്‍കോട്: കുമ്പളയില്‍ യുവാവിന്റെ കൊലപാതകത്തിന് കാരണമായത് വനിതാ സുഹൃത്തിന്റെ പേരിലുള്ള തര്‍ക്കമെന്ന് പൊലീസ്. കേസില്‍ മുഖ്യപ്രതി ശ്രീകുമാര്‍ അറസ്റ്റിലായി. ചൊവ്വാഴ്ച തൂങ്ങി മരിച്ച രണ്ട് യുവാക്കള്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഘത്തില്‍ ഉള്‍പ്പെട്ട നാലാമനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

തിങ്കളാഴ്ച രാത്രി ഒന്‍പതരയ്ക്കും പത്തരയ്ക്കും ഇടയിലാണ് ഈ അരുംകൊല. കൊലയ്ക്കുശേഷം തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതി ശ്രീകുമാര്‍ വസ്ത്രങ്ങള്‍ സമീപത്തെ പുഴയില്‍ ഉപേക്ഷിച്ചു. പത്ത് വര്‍ഷത്തിലേറെയായി സ്വകാര്യ ഓയില്‍ മില്ലിലെ ജീവനക്കാരനാണ് മരിച്ച ഹരീഷ്. വീട്ടില്‍ എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. അതിനിടെ വഴിയാത്രക്കാരാണ് മീറ്ററുകള്‍ മാത്രം അകലെ രക്തത്തില്‍ കുളിച്ച നിലയില്‍ ഹരീഷിനെ കണ്ടെത്തുന്നത്. പൊലീസ് സംഘമെത്തി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.

കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. ഏറെ വൈകാതെ തന്നെ പൊലീസ് ശ്രീകുമാര്‍ എന്ന വ്യക്തിയിലേക്ക് എത്തി. സ്ഥാപനത്തിലെ ജീവനക്കാരില്‍നിന്ന് ലഭിച്ച മൊഴികള്‍ അന്വേഷണസംഘത്തിന് സഹായകകരമായി. വനിതാ സുഹൃത്തുമായുള്ള ബന്ധത്തെച്ചൊല്ലി ഇതിന് മുന്‍പും ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായുള്ള സൂചന പൊലീസിന് ലഭിച്ചു. അങ്ങനെ നാളുകളായുള്ള വൈരാഗ്യം കൊലയിലേക്ക് എത്തുകയായിരുന്നു.

ഒറ്റയ്ക്കല്ല കൃത്യമെന്ന് മനസ്സിലായതോടെ സുഹൃത്തുക്കള്‍ക്കായി അന്വേഷണസംഘം വലവിരിച്ചു. ഇത് മനസ്സിലാക്കിയ 19 കാരന്‍ മണിയും 21 കാരന്‍ റോഷനും വീടിന് സമീപത്തെ റബര്‍ തോട്ടത്തിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം അയല്‍വാസികളുമാണിരുവരും. നാലാമന്‍ കൂടി പിടിയിലാകുന്നതോടെ കൃത്യം സംബന്ധിച്ച് കൂടുതല്‍ വ്യക്തത കൈവരും.

Top