ഗര്‍ഭച്ഛിത്രം നടത്താത്തത്, സാമ്പത്തിക തര്‍ക്കം; കൊല്ലം സ്വദേശിനിയും കൊലപാതകം ഇങ്ങനെ

പാലക്കാട്: കൊല്ലം സ്വദേശിനി വാടക വീട്ടില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. കൊല്ലത്തുനിന്ന് കാണാതായ തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര (42) കൊല്ലപ്പെടുമ്പോള്‍ ഗര്‍ഭിണിയായിരുന്നുവെന്നു പൊലീസ്. സംഭവത്തില്‍ സുചിത്രയുടെ സുഹൃത്തും സംഗീതാധ്യാപകനുമായ കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്തിനെ (32) അറസ്റ്റ് ചെയ്തിരുന്നു.

പ്രശാന്തിന്റെ ഭാര്യയുടെ കുടുംബ സുഹൃത്തും അകന്ന ബന്ധുവുമായ സുചിത്രയുമായി സമൂഹമാധ്യമത്തിലൂടെയാണ് പ്രതി ബന്ധം സ്ഥാപിച്ചത്. പ്രശാന്തും സുചിത്രയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. രണ്ടര ലക്ഷം രൂപയോളം ഇയാള്‍ സുചിത്രയ്ക്കു നല്‍കാനുണ്ടായിരുന്നു എന്നാണു സൂചന.

സുചിത്രയുമായുള്ള സാമ്പത്തിക ഇടപാടുകള്‍, ഗര്‍ഭച്ഛിദ്രത്തിനു തയാറാകാതിരുന്നത് എന്നിവയാണു കൊലപാതകത്തിനു പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. കീബോര്‍ഡ് ആര്‍ട്ടിസ്റ്റായ പ്രശാന്ത് പാലക്കാട്ടെ ഒരു സ്‌കൂളില്‍ സംഗീത അധ്യാപകനാണ്. മാര്‍ച്ച് 17 മുതലാണ് യുവതിയെ കാണാതാകുന്നത്. മണലി ശ്രീരാം സ്ട്രീറ്റില്‍ പ്രതി വാടകയ്ക്കു താമസിക്കുന്ന വീടിനു സമീപം കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് നിന്നാണു മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

സാമ്പത്തികത്തര്‍ക്കമാണു കൊലപാതകത്തിനു പിന്നിലെന്നാണു പ്രതി നല്‍കിയ മൊഴി. അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ കാലുകള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. മാര്‍ച്ച് 20 നാണ് കൊലപാതകം ഉണ്ടായതെന്നാണു സൂചന. കൊലപാതകത്തിനു ശേഷം മൃതദേഹം മറവു ചെയ്യുന്നതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായി. മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വീടിനോടു ചേര്‍ന്നുള്ള പാടത്ത് കുഴികുത്തി കുഴിച്ചുമൂടാനായി പിന്നീടുള്ള ശ്രമം. എന്നാല്‍ കുഴി ചെറുതായതിനാല്‍ രണ്ടു കാലുകളും മുറിച്ചു മാറ്റുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.

കൊല്ലത്ത് ബ്യൂട്ടീഷ്യന്‍ ട്രെയിനര്‍ ആയ യുവതി മുന്‍പ് രണ്ടു തവണ വിവാഹിതയായിരുന്നു. മാര്‍ച്ച് 17 നാണ് സുചിത്ര പതിവുപോലെ വീട്ടില്‍ നിന്നും ജോലിക്കായി പള്ളിമുക്കിലെ സ്ഥാപനത്തിലേക്ക് പോയത്. കൊല്ലത്തെ പ്രമുഖ ബ്യൂട്ടി പാര്‍ലറിന്റെ പള്ളിമുക്കിലെ ട്രെയിനിങ് അക്കാദമിയിലേക്കാണ് പോയത്. അന്നേ ദിവസം വൈകിട്ട് നാലിനു തനിക്ക് ആലപ്പുഴയില്‍ പോകണമെന്നും ഭര്‍ത്താവിന്റെ അച്ഛനു സുഖമില്ലെന്നുമാണ് സ്ഥാപന ഉടമയെ അറിയിച്ചത്. രണ്ടു ദിവസം വീട്ടിലേക്കു ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും 20നു ശേഷം വിളി നിലച്ചു. തുടര്‍ന്ന് കാണാനില്ലെന്നു കാണിച്ച് വീട്ടുകാര്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കി. മാര്‍ച്ച് 22ന് പൊലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Top