യുവതിയെ പട്ടിണിക്കിട്ട് കൊന്നു; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കൊല്ലം: കൊല്ലത്ത് യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന്‍ ഡിജിപിക്ക് കത്ത് നല്‍കി.

പ്രതികളായ ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുമുണ്ട്. ഭര്‍ത്താവ് ചന്തുലാലിനും അമ്മ ഗീതാലാലിനുമെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

മാര്‍ച്ച് 21നാണ് തുഷാര (27) എന്ന യുവതിയെ ചെങ്കുളം പറണ്ടോട്ടുള്ള ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 21ന് ഉച്ചയ്ക്ക് ബോധക്ഷയം സംഭവിച്ച തുഷാരയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍മാര്‍ തുഷാരയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവായ ചന്തുലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു.

ബന്ധുക്കള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹപരിശോധന നടത്തി. ഏറെനാളായി തുഷാരയ്ക്ക് ആഹാരം ലഭിച്ചിരുന്നില്ലെന്നും പോഷകാഹാരം ലഭിക്കാതെ ന്യുമോണിയ ബാധിച്ചാണ് മരണമെന്നും കണ്ടെത്തി. മൃതദേഹപരിശോധനാ റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളും കണ്ടെത്തിയിരുന്നു.

2013ലാണ് തുഷാരയുടെയും ചന്തുലാലിന്റെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് മൂന്നു മാസമായപ്പോള്‍ മുതല്‍ രണ്ടുലക്ഷം രൂപ സ്ത്രീധനം നല്‍കണമെന്ന് ചന്തുലാല്‍ തുഷാരയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തുക നല്‍കിയിരുന്നില്ല. തുടര്‍ന്ന് ചന്തുലാലും അമ്മയും ചേര്‍ന്ന് യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു.

കല്യാണം കഴിഞ്ഞതിന് ശേഷം സ്വന്തം വീട്ടുകാരുമായി ബന്ധം പുലര്‍ത്താന്‍ പോലും യുവതിയെ അനുവദിച്ചിരുന്നില്ല. ബന്ധുക്കള്‍ എത്തിയാല്‍ കാണാന്‍ അനുവദിച്ചിരുന്നില്ല. ബന്ധുക്കള്‍ വന്നതിന്റെ പേരില്‍ ഭര്‍ത്താവും മാതാവും ചേര്‍ന്ന് യുവതിയെ ക്രൂര മര്‍ദനത്തിനിരയാക്കുകയും ചെയ്തിരുന്നു. പഞ്ചസാരവെള്ളവും അരി കുതിര്‍ത്തതും മാത്രമാണ് തുഷാരയ്ക്ക് നല്‍കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

തകരഷീറ്റ് വെച്ച് നാലുപാടും ഉയരത്തില്‍ മറച്ച പുരയിടത്തിന്റെ നടുവിലായിരുന്നു ചന്തുലാലിന്റെ വീട്. ഗീതാലാല്‍ വീട്ടില്‍ മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയിരുന്നതായും ഇതിനായി സന്ദര്‍ശകര്‍ എത്തിയിരുന്നതായും പൊലീസ് പറഞ്ഞു. ഇവര്‍ക്ക് പുറം ലോകവുമായി ഒരു ബന്ധവുമില്ലായിരുന്നു. പലപ്പോഴും വീട്ടില്‍നിന്ന് ബഹളവും കരച്ചിലും കേട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

സ്ത്രീധനപീഡനം, മാനസികവും ശാരീരികവുമായി പീഡിപ്പിക്കല്‍, ഭക്ഷണവും ചികിത്സയും നല്‍കാതിരിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇരുവരുടെയും പേരില്‍ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.

Top