റിസോര്‍ട്ട് ഉടമയുടെ കൊലപാതകം; രണ്ടാം പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കല്‍പറ്റ റിസോര്‍ട്ട് ഉടമ വിന്‍സന്റ് സാമുവലിന്റെ കൊലപാതകത്തില്‍ രണ്ടാം പ്രതി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തും. കത്തിക്കുത്തിനിടെ അനിലിന് പരുക്കേറ്റിരുന്നു. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പൊലീസ് കസ്റ്റഡിയില്‍ ചികില്‍സയിലാണ്.

ഒന്നാം പ്രതിയായ രാജുവിനെ റിസോര്‍ട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. റിസോര്‍ട്ടിനുള്ളില്‍ പ്രവേശിച്ചതും കൊല നടത്തിയ രീതിയും രാജു പൊലീസിനോടു വിശദീകരിക്കുകയും ചെയ്തിരുന്നു. കൊലപാതകത്തിനു സഹായിച്ചതായി ചികിത്സയില്‍ ഉള്ള അനില്‍ പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്.

പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് കല്‍പറ്റ എസ്‌ഐ രാധാകൃഷ്ണന്‍ പറഞ്ഞത്. കേസില്‍ മറ്റു പ്രതികള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വിസ്പറിങ് വുഡ്‌സ് റിസോര്‍ട്ടിലെ കോട്ടേജില്‍ വിന്‍സന്റ് സാമുവല്‍ എന്ന അമ്പത്തിരണ്ടുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിനു ശേഷം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ മീനങ്ങാടി ചെറുകാവില്‍ രാജു (60) വിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Top