സംശയരോഗമെന്ന് സൂചന; എറണാകുളത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

murder

കൊച്ചി: എറണാകുളം കലൂര്‍ എസ്.ആര്‍.എം. റോഡില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ഉള്ളാട്ടില്‍ വീട്ടില്‍ ഷീബ(35)യെയാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സഞ്ജു സുലാല്‍ സേട്ട് (39)നെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടി.

കഴിഞ്ഞ രാത്രി പത്ത് മണിയോടെ എസ്.ആര്‍.എം. റോഡിലെ ഷീബയുടെ കുടുംബ വീട്ടില്‍ വെച്ചാണ് സംഭവം നടന്നത്. അമ്മയോടൊപ്പമാണ് ഷീബ താമസിച്ചിരുന്നത്. രാത്രി നിസ്‌ക്കാരസമയത്ത് വീട്ടിലെത്തിയ സഞ്ജു ഷീബയെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

ഷീബയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചില്ല. സഞ്ജുവിനെ തടയാന്‍ ശ്രമിച്ച ഷീബയുടെ അമ്മയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റു. വയറിനും കൈയ്ക്കും കുത്തേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിനിടെ സഞ്ജുവിനും പരിക്കേറ്റിട്ടുണ്ട്.

ഗള്‍ഫിലായിരുന്ന സഞ്ജു രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ഇരുവര്‍ക്കും മൂന്ന് മക്കളാണ് ഉള്ളത്.

Top