വീണ്ടും ദുരഭിമാനക്കൊല; ഭാര്യയെയും 4 മക്കളെയും കൊന്ന യുവാവ് അറസ്റ്റില്‍

murder

ഇസ്ലാമാബാദ്: പാകിസ്താനി യുവാവ് ഭാര്യയേയും നാല് മക്കളേയും കൊലപ്പെടുത്തിയത് ‘ദുരഭിമാനക്കൊല’യെന്ന് പൊലീസ്. പഞ്ചാബ് പ്രവിശ്യയിലെ ഗുജ്‌റന്‍വാലയിലായിരുന്നു സംഭവം. സംഭവത്തില്‍ ഇമ്രാന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു.

ഇമ്രാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടന്നത് ദുരഭിമാനക്കൊലയാണെന്ന് പൊലീസിന് വ്യക്തമായത്. അമ്മയെ കൊലപ്പെടുത്തുന്നത് കാണാനായി ഉറങ്ങിക്കിടന്ന മക്കളെ വിളിച്ചുണര്‍ത്തിയതായും പിന്നീട് നാല് കുട്ടികളേയും കൊലചെയ്തതായും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ 2019 ലെ റിപ്പോര്‍ട്ടനുസരിച്ച് ഓരോ കൊല്ലവും പാകിസ്താനില്‍ ആയിരത്തോളം ദുരഭിമാനക്കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്. കരോ-കാരി എന്ന പേരിലും അറിയപ്പെടുന്ന സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഈ അതിക്രമം മനുഷ്യവകാശ സംഘടനകളുടേയും അധികൃതരുടേയും രൂക്ഷവിമര്‍ശനം നേരിടുന്നുണ്ട്. വിവാഹപൂര്‍വ ബന്ധങ്ങളും വിവാഹേതര ബന്ധങ്ങളും ആരോപിച്ചാണ് ഇത്തരം കൊലപാതകങ്ങള്‍ അരങ്ങേറുന്നത്.

ദുരഭിമാനക്കൊലകള്‍ പലപ്പോഴും കുടുംബത്തിലുള്ളവരോ സമുദായത്തിലുള്ളവരോ ചെയ്യുന്നതിനാല്‍ കൊലക്കെതിരെ പരാതികള്‍ ഉയരാറില്ല. ഒരു യുവാവുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് സിയാഖത്ത് ഷാര്‍ എന്ന യുവാവ് സഹോദരിയെ കൊന്ന സംഭവം നേരത്തെ വാര്‍ത്തയായിരുന്നു. തന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കുമെന്ന് ഭയന്നാണ് കൊലപാതകത്തിന് മുതിര്‍ന്നതെന്ന് പിടിയിലായ ശേഷം ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ജനുവരി ആദ്യം ഖയിര്‍പുരിലും മറ്റൊരു ദുരഭിമാനക്കൊല നടന്നിരുന്നു.

 

Top