യുവമോർച്ച നേതാവിന്റെ കൊലപാതകം; വിവാദ പരാമർശവുമായി ബിജെപി എംഎൽഎ

കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലയാളികളെ ഏറ്റുമുട്ടലിലൂടെ വധിക്കണമെന്ന് ബിജെപി എംഎൽഎ രേണുകാചാര്യ. കുറ്റക്കാരെ ഏറ്റുമുട്ടലിൽ വധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നടപടി കൈക്കൊള്ളുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടാൽ രാജിവെക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.

ഹെന്നാലിയിൽനിന്നുള്ള ബിജെപി എംഎൽഎയാണ് രേണുകാചാര്യ. അധികാരത്തേക്കാൾ തനിക്ക് പ്രധാനം ഹിന്ദു പ്രവർത്തകരുടെ സംരക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വീറ്റുകളിലൂടെയായിരുന്നു ആചാര്യയുടെ പ്രതികരണം. ഹിന്ദു പ്രവർത്തകർ കൊല്ലപ്പെടുമ്പോഴെല്ലാം നാം അനുശോചിക്കുകയും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെടുകയും ചെയ്യും. വെറും ഓം ശാന്തി പോസ്റ്റുകൾ കൊണ്ട് യാതൊരു കാര്യവുമില്ല. ആളുകൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കണമെങ്കിൽ ദുർമാർഗികളെ തെരുവിൽവെച്ച് എൻകൗണ്ടർ ചെയ്യണം-രേണുകാചാര്യ ട്വീറ്റ് ചെയ്തു.

യോഗി സർക്കാറിന്റെ മാതൃകയിലുള്ള നടപടികൾ കർണാടക സർക്കാറും സ്വീകരിക്കണം. എങ്കിൽ മാത്രമേ സർക്കാറിന്റെയും സംഘത്തിന്റെയും പ്രതീക്ഷ സംരക്ഷിക്കാനാകൂ. ഹിന്ദുക്കളെ സംരക്ഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ പിന്നെ അധികാരത്തിൽ തുടരുന്നതുകൊണ്ട് എന്താണ് കാര്യമെന്നും രേണുകാചാര്യ ചോദിച്ചു. ഹിന്ദു സമൂഹത്തിന്റെ പ്രതീക്ഷക്കൊത്ത് ഉയരാൻ സർക്കാറിന് സാധിക്കുമെങ്കിൽ മാത്രമേ താൻ സർക്കാറിൽ തുടരുകയൂള്ളൂവെന്നും അല്ലാത്തപക്ഷം രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top