സാമൂഹ്യ പ്രവർത്തകയുടെ കൊലപാതകം; പ്രതി പൊലീസ് പിടിയിൽ

arrest

അടിമാലി: സാമൂഹ്യ പ്രവർത്തകയെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ.

തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷ് (30) ആണ് പിടിയിലായത്.

കൊല നടത്തിയ ശേഷം അറുത്തെടുത്തുകൊണ്ടുപോയ സ്ത്രീയുടെ ഇടതു സ്തനം പ്രതിയുടെ തൊടുപുഴയിലെ വീട്ടിൽനിന്നും പൊലീസ് കണ്ടെടുത്തു.

സാമ്പത്തിക ഇടപാടാണ് ക്രൂരതക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

അടിമാലി പതിനാലാം മൈൽ ചാരുവിള പുത്തൻപുരയിൽ സിയാദിന്റെ ഭാര്യ സെലീനയാണ് (41) ഇന്നലെ ഉച്ചകഴിഞ്ഞ് ക്രൂരമായി വധിക്കപ്പെട്ടത്.

കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ പതിനാലാം മൈലിൽ മുഴുവൻ മറ്റത്തിൽ നേഴ്സറിയ്ക്ക് സമീപമുള്ള വീടിന് പിന്നിലായാണ് സെലീനയുടെ മൃതദേഹം കണ്ടെത്തിയത്.

വിവസ്ത്രയായ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വീടിനു പിന്നിൽ നിന്നു സെലീന വസ്ത്രങ്ങൾ കഴുകുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് 2.16 ഓടെയാണ് പ്രതി ഗിരോഷ് വീട്ടിലെത്തിയത്. കൊലപാതകം നടത്തിയ ശേഷം എട്ടു മിനിറ്റിനുള്ളിൽ പ്രതി പുറത്തിറങ്ങി.

2.24ന് ഇയാൾ ബൈക്കിൽ കയറി പോവുന്ന ദൃശ്യങ്ങൾ സമീപത്തുള്ള കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

പ്രതി ഗിരോഷ് നേരത്തെ ഒരു പീഡനശ്രമ കേസിൽ കുടുങ്ങിയിരുന്നു. ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ച പെൺകുട്ടി സാമൂഹ്യ പ്രവർത്തകയായ സെലീനയുടെ സഹായം തേടി.

പെൺകുട്ടിയെ സഹായിച്ചതോടെ ഗിരോഷിന് സെലീനയോട് വൈരാഗ്യമുണ്ടായിരുന്നു. എന്നാൽ, പിന്നീട് സെലീനയും ഗിരോഷും കണ്ടുമുട്ടുകയും, സൗഹൃദത്തിലാകുകയും ചെയ്തു.

ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. ഇതേതുടർന്നുണ്ടായ തർക്കമാണ് കൊടും ക്രൂരതക്ക് കാരണമായതെന്നാണ് സംശയം.

Top