ഏരൂരില്‍ ഏഴുവയസുകാരിയുടെ കൊലപാതകം; സ്ഥലം എസ്‌ഐയ്ക്ക് എതിരെ നടപടി

police

കൊല്ലം: ഏരൂരില്‍ ഏഴുവയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് സ്ഥലം എസ്‌ഐയ്ക്ക് എതിരെ നടപടി.

സ്റ്റേഷന്‍ ചുമതല എസ്‌ഐ ഗോപകുമാറിന് കൈമാറി. സംഭവത്തില്‍ സ്ഥലം എസ്‌ഐ ലിസിക്ക് അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്നാണ് വിലയിരുത്തല്‍.

ട്യൂഷന്‍ ക്ലാസില്‍ പോയ ഏഴുവയസുകാരി ശ്രീലക്ഷ്മിയെ ബുധനാഴ്ചയാണ് കാണാതായത്. അമ്മയുടെ സഹോദരീ ഭര്‍ത്താവ് രാജേഷിനൊപ്പമാണ് കുട്ടി ട്യൂഷന് പോയത്. പിന്നീട് കുട്ടിയെ കാണാതാകുകയായിരുന്നു.

കുട്ടി ട്യൂഷന് വന്നിട്ടില്ലെന്ന വിവരം ലഭിച്ചപ്പോഴാണ് വീട്ടുകാര്‍ തിരച്ചില്‍ തുടങ്ങിയത്. കുട്ടിയെ കാണാതായതിനൊപ്പം രാജേഷിനെയും കാണാതായിരുന്നു.

കുട്ടിയുടെ അമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ തിരച്ചില്‍ നടത്തിയതിന് ശേഷമാണ് രാജേഷിനെ കുളത്തൂപുഴക്ക് സമീപം വച്ച് കസ്റ്റഡിയിലെടുത്തത്.

ഏരൂര്‍ പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കുട്ടി ആര്‍പി കോളനിയിലെ റബ്ബര്‍ ഷെഡിലുണ്ടെന്ന വിവരം ലഭിച്ചത്.

തുടര്‍ന്ന് അവിടെ പരിശോധിച്ചപ്പോള്‍ മൃതദേഹം കിട്ടി. കുട്ടിയെ കൊന്നത് താനാണെന്ന് ബന്ധു രാജേഷ് മൊഴി നല്‍കി.

ലൈംഗിക പീഡനത്തിന് ശേഷമാണ് കുട്ടിയെ കൊന്നതെന്നും രാജേഷ് പറഞ്ഞു. കുട്ടിയെ രാജേഷ് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.

Top