ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; അന്വേഷണത്തിന് പ്രത്യേക സംഘം, പ്രതികളുടെ കാറിന്റെ ദൃശ്യങ്ങള്‍ പുറത്ത്

പാലക്കാട്: പാലക്കാട് മലമ്പുഴയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട കേസ് പ്രത്യേക സംഘം അന്വേഷിക്കും. കൊലപാതകം നടന്ന നാല് ദിവസങ്ങള്‍ പിന്നിട്ടിട്ടും ആരെയും അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് പുതിയ സംഘത്തെ നിയോഗിച്ചത്.

പാലക്കാട് ഡിവൈഎസ്പി ഹരിദാസ്, ആലത്തൂര്‍ ഡിവൈഎസ്പി കെ.എം ദേവസ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. പാലക്കാട് എസ്പി ആര്‍ വിശ്വനാഥ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. സംഘത്തില്‍ ആറ് സിഐമാര്‍ ഉള്‍പ്പെടെ 34 പേരാണ് ഉള്ളത്. ഉത്തരമേഖല എഡിജിപി വിജയ് സാഖറേയാണ് അന്വേഷണ സംഘത്തെ നിയോഗിച്ചത്.

അതിനിടെ, സഞ്ജിത്തിനെ ആക്രമിക്കാന്‍ എത്തിയ സംഘം സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. വെളുത്ത നിറത്തിലുള്ള പഴയ മാരുതി 800 കാറിന്റെ ഫോട്ടോയാണ് പൊലീസ് പുറത്ത് വിട്ടത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് കാറിനെ തിരിച്ചറിഞ്ഞത്.

ഗ്ലാസില്‍ കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ച് മറച്ച നിലയിലാണ് കാറുള്ളത്. കാറിനെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസിനെയോ, ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്ടര്‍ ഷിജു എബ്രഹാമിനെയോ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. 9497990095, 9497987146 എന്നീ ഫോണ്‍ നമ്പറുകളില്‍ അറിയിക്കാവുന്നതാണെന്നും പൊലീസ് അറിയിച്ചു.

കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന ആക്ഷേപം നിലനില്‍ക്കുന്ന സാചര്യത്തില്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുന്ന നടപടി തുടരുകയാണ്.

Top