ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; ഒരാളുടെ അറസ്റ്റ് കൂടി ഇന്നുണ്ടായേക്കും

പാലക്കാട്: കിണാശേരി മമ്പ്രത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ (27) വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒരാളുടെ അറസ്റ്റ് കൂടി ഇന്നുണ്ടായേക്കും. കസ്റ്റഡിയിലുള്ള രണ്ടുപേരില്‍ ഒരാള്‍ കൊലപാതകം നടത്തിയവര്‍ക്ക് വ്യത്യസ്ത ഘട്ടങ്ങളില്‍ സഹായം ചെയ്തിരുന്നതായി തെളിഞ്ഞു. ആറു പേരെ കൂടി ഇന്ന് ചോദ്യം ചെയ്യും. ആദ്യം അറസ്റ്റിലായ പ്രതിയെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ കിട്ടിയതിനൊപ്പം ഇന്നലെ റിമാന്‍ഡിലായ പ്രതിയുടെ കസ്റ്റഡി അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

അക്രമി സംഘത്തിന്റെ വാഹനം പൊള്ളാച്ചിയിലെത്തിക്കാന്‍ സഹായിച്ചവര്‍, കൊലപാതകമുണ്ടായ ദിവസം വാഹനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ എത്തിയവര്‍, വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മിച്ച് നല്‍കിയ കൊല്ലങ്കോട്ടുകാരന്‍, വ്യത്യസ്ത ഇടങ്ങളില്‍ ഒളിച്ചുകഴിയാനും നാടുവിടാനും കൂട്ടുനിന്നവര്‍, സാമ്പത്തിക സഹായം നല്‍കിയവര്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. ഇതില്‍ കൊലയാളികളെ ഏറ്റവും കൂടുതല്‍ സഹായിച്ചയാളുടെ അറസ്റ്റാകും വൈകിട്ടോടെ രേഖപ്പെടുത്തുക. സഞ്ജിത്തിനെ വെട്ടിവീഴ്ത്തിയ സംഘത്തിലെ മറ്റു മൂന്ന് പ്രതികള്‍ക്കായി തമിഴ്‌നാടിന് പുറമേ കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ആദ്യം അറസ്റ്റിലായ പ്രതിയെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ കിട്ടിയതിനാല്‍ വിശദമായ ചോദ്യം ചെയ്യലും ശാസ്ത്രീയ തെളിവ് ശേഖരിക്കലുമുണ്ടാകും. അറസ്റ്റിലായ രണ്ടാമനെയും വൈകിട്ടോടെ കസ്റ്റഡിയില്‍ കിട്ടുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ സഞ്ജിത്തിന്റെ ഭാര്യയെ വരുത്തി ഇരുവരെയും തിരിച്ചറിയാനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ സാധ്യതയുണ്ട്.

പൊള്ളാച്ചിയില്‍ കണ്ടെത്തിയ കാറിന്റെ ഭാഗങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്കും വിധേയമാക്കും. കൊലപാതകം ലക്ഷ്യമിട്ടാണു പഴയ മോഡല്‍ കാര്‍ അക്രമികള്‍ വാങ്ങിയതെന്നാണ് മൊഴി. ജില്ലയില്‍ തന്നെയുള്ള കാര്‍ കച്ചവടക്കാരനില്‍നിന്നാണ് വാഹനം ലഭ്യമാക്കിയിട്ടുള്ളത്. ഇയാളും അറസ്റ്റിലായവരുടെ സംഘടനയില്‍പ്പെട്ട പ്രവര്‍ത്തകനാണ്. വാഹനം തമിഴ്‌നാട്ടിലേക്കു കടത്തിയ പാത കേന്ദ്രീകരിച്ചാണു പ്രധാനമായും അന്വേഷണം നടക്കുന്നത്.

 

Top