ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതം; എന്‍ഐഎ അന്വേഷണം വേണമെന്ന് ബിജെപി

പാലക്കാട്: പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതക്കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. പട്ടാപ്പകല്‍ കൊലപാതകം നടത്തി പ്രതികള്‍ രക്ഷപ്പെട്ടത് സിപിഎം-എസ്ഡിപിഐ ബന്ധം കൊണ്ടെന്നാണ് ബിജെപിയുടെ ആരോപണം. അതേസമയം സംഭവത്തില്‍ അഞ്ച് പ്രതികള്‍ ഉണ്ടെന്നും അവരെ കണ്ടാല്‍ തിരിച്ചറിയാമെന്നും സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിത പറഞ്ഞു.

പട്ടാപ്പകല്‍ നടുറോടില്‍ ഭാര്യയുടെ മുന്നിലിട്ട് ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവം നടന്ന് 24 മണിക്കൂറിന് ശേഷവും പ്രതികളെ കണ്ടെത്താനാവാത്തതില്‍ സര്‍ക്കാരിനെതിരെ സമ്മര്‍ദ്ദം കടുപ്പിക്കുകയാണ് ബിജെപി. ചെങ്കൊടിത്തണലില്‍ ഭീകരവാദം തഴച്ചുവളരുകയാന്നൈന്ന് പി കെ കൃഷ്ണദാസ് പാലക്കാട്ട് കുറ്റപ്പെടുത്തിയപ്പോള്‍ ഒരു പടി കൂടി കടന്ന് എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇക്കാര്യം ആവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ ഗവര്‍ണറെയും കണ്ടു.

വീട്ടില്‍ നിന്നിറങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ ആക്രമിക്കപ്പെട്ടെന്ന് സഞ്ജിത്തിന്റെ ഭാര്യയും ദൃക്‌സാക്ഷിയുമായ അര്‍ഷിക പറഞ്ഞു. നേരത്തെ ഭീഷണി ഉണ്ടായിരുന്നു. നാട്ടുകാരുടെ മുന്നിലിട്ട ആക്രമിച്ചത്. പ്രതികളെ കണ്ടാലറിയാമെന്നും സഞ്ജിത്തിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ പ്രതികളുടെ വെള്ളമാരുതി 800 ത്യശൂര്‍ ഭാഗത്തേക്ക് പോയെന്നാണ് പൊലീസിന് ലഭിച്ച വിവരം. പാലിയേക്കര ടോളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കും. വാടാനപ്പള്ളി, കൊടുങ്ങല്ലൂര്‍ എറണാകുളം ജില്ലയിലെ ചെറായി, മലപ്പുറം ജില്ലയിലെ പൊന്നാനി എന്നിവിടങ്ങളില്‍ അന്വേഷണ സംഘം പരിശോധന നടത്തും പ്രതികള്‍ കാറുപേക്ഷിച്ച് മാറിക്കയറാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളുന്നില്ല.

 

Top