റേഡിയോ ജോക്കിയുടെ കൊല : ക്വട്ടേഷന്‍ വിദേശത്ത് നിന്ന്, ഇന്റര്‍പോളിന്റെ സഹായം തേടും

Radio Jockey Rajesh

കൊച്ചി : റേഡിയോ ജോക്കിയായിരുന്ന രാജേഷ് കൊല കേസില്‍ അന്വേഷണത്തിന് ഇന്റര്‍പോളിന്റെ സഹായം തേടാന്‍ പൊലീസ് തീരുമാനം. രാജേഷിന്റെ സുഹൃത്തായ സ്ത്രീയുടെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സംഭവുമായി ബന്ധമുള്ള അഞ്ച് പേര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കൊലപാതക സംഘത്തില്‍ നേരിട്ട് പങ്കെടുത്ത ആരും ഇതിലില്ലെന്നാണ് വിവരം. പ്രതികള്‍ സംസ്ഥാനം വിട്ടിട്ടുണ്ടാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അതുകൊണ്ട് തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൊലപതാകം നടത്താന്‍ ഉപയോഗിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വിദേശത്തുള്ള നൃത്താധ്യാപിക താനുമായി സംസാരിച്ചുകൊണ്ടിരിക്കേയാണ് രാജേഷിന് വെട്ടേറ്റതെന്ന് പൊലീസിനോട് സമ്മതിച്ചു. വ്യവസായിയായ ഭര്‍ത്താവില്‍ നിന്ന് രാജേഷിന് ഭീഷണിയുണ്ടായിരുന്നുവെന്ന കാര്യവും യുവതി പൊലീസിനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് വിദേശത്തുള്ള വ്യവസായിയെ നാട്ടിലെത്തിക്കാന്‍ ഇന്‍ര്‍പോളിന്റെ സഹായം തേടാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

കൊലപാതകം നടന്ന സ്ഥലത്തുള്ള ചിലര്‍ ക്വട്ടേഷന്‍ സംഘത്തിന് വിവരങ്ങള്‍ കൈമാറിയിരുന്നുവെന്ന സംശയത്തില്‍ അക്കാര്യവും അന്വേഷിക്കുന്നുണ്ട്. ഒന്നോ രണ്ടോ ദിവസത്തിനകം പ്രതികളെ പിടികൂടുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരം.

Top