വിദേശ വനിതയുടെ കൊലപാതകം; സഹോദരിക്ക് സര്‍ക്കാര്‍ പത്തുലക്ഷം രൂപ നല്‍കണമെന്ന് വിധി 

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ സഹോദരിക്ക് പത്തുലക്ഷം രൂപ നൽകാൻ വിധി. കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിക്ക് നഷ്ടപരിഹാരമായി പത്തുലക്ഷം രൂപ സർക്കാർ നൽകണമെന്ന് വിചാരണക്കോടതി ഉത്തരവിട്ടു. പ്രതികൾക്ക് പിഴ ചുമത്തിയതിന് പുറമെയാണ് കോടതിയുടെ നിർദേശം.

കേസിൽ രണ്ടു പ്രതികൾക്കും ഇരട്ട ജീവപര്യന്തമാണ് കോടതി ശിക്ഷയായി വിധിച്ചത്. പ്രതികൾ മരണം വരെ ജയിൽശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിയിൽ വ്യക്തമാക്കി. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ഒരു ലക്ഷത്തി ആറുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. ഇതു കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് സർക്കാരും സഹോദരിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിൽ പറയുന്നത്.

പ്രതികളായ തിരുവനന്തപുരം വാഴമുട്ടം സ്വദേശികളായ ഉദയൻ, ഉമേഷ് എന്നിവർ കുറ്റക്കാരാണെന്ന് വെള്ളിയാഴ്ച കോടതി വ്യക്തമാക്കിയിരുന്നു. രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട കേസിൽ കൊലപാതകം നടന്ന് നാലര വർഷമാകുമ്പോഴാണ് വിധി വരുന്നത്.പ്രതികൾക്കെതിരായ ബലാത്സംഗം, കൊലപാതകം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളെല്ലാം തെളിഞ്ഞതായി കോടതി കണ്ടെത്തി.

പോത്തൻകോട്ടെ ആയുർവേദ കേന്ദ്രത്തിൽ സഹോദരിക്കൊപ്പം ചികിത്സക്കെത്തിയ 40 കാരിയായ ലാത്വിയൻ യുവതിയാണ് കൊല്ലപ്പെട്ടത്. വിഷാദരോഗത്തിന് ചികിത്സയ്ക്ക് എത്തിയതായിരുന്നു യുവതി. 2018 മാർച്ച് 14ന് കാണാതായ യുവതിയുടെ മൃതദേഹം ഏപ്രിൽ 20ന് അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

കോവളത്തെത്തിയ യുവതിയെ പനത്തുറ സ്വദേശികളും ലഹരി സംഘാംഗങ്ങളുമായ ഉമേഷും ഉദയനും ചേർന്ന് ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേനെ കണ്ടൽക്കാട്ടിലെത്തിച്ച് ലഹരി മരുന്ന് നൽകി ബലാത്സംഗം ചെയ്തശേഷം കഴുത്ത് ഞെരിച്ച് കൊന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 18 സാഹചര്യത്തെളിവുകളും 30 സാക്ഷി മൊഴികളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.

Top