ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതി അസഫാക്ക് ആലം റിമാന്‍ഡില്‍

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അസഫാക്ക് ആലം റിമാന്‍ഡില്‍. പ്രതിയെ ആലുവ സബ് ജയിലിലേക്ക് ഇന്നുതന്നെ മാറ്റും. പ്രതിക്കെതിരെ കൊലപാതകം, പോക്‌സോ, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയടക്കം 9 വകുപ്പുകളാണ് എഫ് ഐ ആറില്‍ ചുമത്തിയിട്ടുള്ളത്. അതേസമയം കൊലപാതകത്തിലെ തുടരന്വേഷണത്തിനായി അന്വേഷണ സംഘം ബിഹാറിലേക്ക് പോവുകയാണ്. പ്രതി അസഫാക്ക് ആലത്തിന്റെ പശ്ചാത്തലം അറിയുന്നതിനായാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. സംഘത്തിലെ മൂന്നുപേരാവും പോവുക.

വെള്ളിയാഴ്ച മൂന്നുമണിയോടെയാണ് ആലുവ ഗ്യാരേജില്‍ നിന്ന് അഞ്ച് വയസുകാരിയെ ഇതര സംസ്ഥാന തൊഴിലാളിയായ അസഫാക്ക് ആലം തട്ടിക്കൊണ്ടുപോയത്. ബിഹാര്‍ സ്വദേശികളുടെ മകളെയാണ് കാണാതായത്. അസഫാക്ക് രണ്ട് ദിവസം മുന്‍പാണ് പെണ്‍കുട്ടിയുടെ വീടനടുത്ത് താമസിക്കാന്‍ എത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ കുട്ടിയെ കെഎസ്ആര്‍ടിസി ബസ്സില്‍ യുവാവ് കയറ്റിക്കൊണ്ട് പോകുന്നതായി കണ്ടെത്തിയിരുന്നു.

പിന്നാലെ മണിക്കൂറുകള്‍ക്കകം പ്രതി അസഫാക്ക് ആലമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആലുവ തോട്ടക്കാട്ടുക്കരയില്‍ നിന്നാണ് പ്രതി പിടിയില്‍ ആയത്. 20 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഇന്നലെ രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. ആലുവ മാര്‍ക്കറ്റിന്റെ പിന്‍ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.

Top