ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; ശിക്ഷാവിധിയില്‍ വാദം നാളെ നടക്കും

കൊച്ചി: ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തില്‍ ശിക്ഷാവിധിയില്‍ വാദം നാളെ നടക്കും. അസഫാക് ആലം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ എറണാകുളം പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷാവിധിയില്‍ വാദം കേള്‍ക്കുന്നത്. പ്രതിക്ക് അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ശിക്ഷാവിധിയിലെ വാദം. വാദം ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ നാളെത്തന്നെ ശിക്ഷാവിധി പ്രഖ്യാപിച്ചേക്കും.

നവംബര്‍ നാലിനാണ് കേസിലെ ഏകപ്രതി അസഫാക് ആലം കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയത്. തുടര്‍ന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ പ്രൊസിക്യൂഷന് നിര്‍ദ്ദേശം നല്‍കി. പിന്നാലെ വ്യാഴാഴ്ച ശിക്ഷാവിധിയില്‍ വാദം കേള്‍ക്കാന്‍ മാറ്റുകയായിരുന്നു. പ്രതിയുടെ ജയിലിലെ പെരുമാറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് ആലുവ സബ് ജയില്‍ സൂപ്രണ്ട് ഹാജരാക്കണം. പ്രതിയുടെ മുന്‍കാല കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് പ്രൊസിക്യൂഷന്‍ റിപ്പോര്‍ട്ട് നല്‍കും. പുനരധിവാസം, മാനസാന്തര സാധ്യത, മാനസികാരോഗ്യം തുടങ്ങിയ കാര്യങ്ങളിലും റിപ്പോര്‍ട്ട് ഹാജരാക്കണം. ഇത് പരിശോധിച്ച ശേഷം കോടതി വാദം കേള്‍ക്കും.

അഞ്ച് വയസുകാരിയുടെ നിഷ്‌കളങ്കതയെ ഉപയോഗപ്പെടുത്തി നടത്തിയ ക്രൂരകൃത്യമാണിതെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നുമാണ് പ്രൊസിക്യൂഷന്റെ ആവശ്യം. മുന്‍പും സമാന കുറ്റകൃത്യം നടത്തിയിട്ടുണ്ടെന്നതും പ്രതിക്കെതിരായ പ്രൊസിക്യൂഷന്റെ വാദം ശക്തിപ്പെടുത്തുന്നതാണ്. ഈ വാദം ശരിവെച്ച് കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് കണ്ടെത്തിയാല്‍ കൊലപാതകം ഉള്‍പ്പടെ അഞ്ച് വകുപ്പുകളില്‍ വരെ പ്രതിക്ക് വധശിക്ഷ ലഭിക്കാം. 28 വയസെന്ന പ്രായം മാത്രമാണ് പ്രതിക്ക് അനുകൂലമായ ഏക ഘടകം. ഇത് പരിഗണിച്ച് പ്രതിക്ക് വധശിക്ഷ ഒഴിവാക്കുമോയെന്ന് വാദത്തിന് ശേഷം വിധിപറയുമ്പോള്‍ മാത്രം വ്യക്തത വരും. വധശിക്ഷ ഒഴിവാക്കിയാലും ജീവിതാവസാനം വരെ ജീവപര്യന്തം ശിക്ഷ എട്ട് വകുപ്പുകളില്‍ വരെ ലഭിക്കാം.

Top