സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊല്ലം: കുണ്ടറ മണ്‍റോ തുരുത്തില്‍ സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍.കേസില്‍ പട്ടംതുരുത്ത് തൂപ്പാശ്ശേരിയില്‍ അശോകനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ ദില്ലി പൊലീസില്‍ നിന്ന് വിരമിച്ചയാളാണ്. മണ്‍റോത്തുരുത്ത് മയൂഖം ഹോം സ്റ്റേ ഉടമ വില്ലിമംഗലം നിധി പാലസില്‍ (ഓലോത്തില്‍) മണിലാല്‍ (50) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് കൊലപാതകം നടന്നത്.

അശോകനും മണിലാലും പരിചയക്കാരും നാട്ടുകാരുമാണ്. തിരഞ്ഞെടുപ്പ് പരസ്യപ്രചരണം അവസാനിച്ചതിനു പിന്നാലെ കാനറാബാങ്ക് കവലയില്‍ നാട്ടുകാര്‍ രാഷ്ട്രീയ ചര്‍ച്ചനടത്തുകയായിരുന്നു. ഇതിനിടെ മദ്യലഹരിയില്‍ അശോകന്‍ അസഭ്യവര്‍ഷം നടത്തി. ഇതോടെ അശോകനോട് മണിലാല്‍ കയര്‍ത്തു. ഇരുവരും തമ്മില്‍ സംസാരത്തിനിടെ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അശോകന്‍ മണിലാലിനെ കുത്തുകയായിരുന്നു.

ഉടന്‍ തന്നെ നാട്ടുകാര്‍ മണിലാലിനെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവ ശേഷം ഒളിവിലായിരുന്ന പ്രതിയെ കിഴക്കേ കല്ലട പൊലീസ് രാത്രി വൈകി പിടികൂടുകയായിരുന്നു. സിപിഎം പ്രവര്‍ത്തകനായിരുന്ന അശോകന്‍ അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നതെന്നാണ് പറയുന്നത്.

അതേസമയം കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് 5 പഞ്ചായത്തുകളില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മണ്‍ട്രോത്തുരുത്ത്, കിഴക്കേകല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നി പഞ്ചായത്തുകളില്‍ ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകീട്ട് നാല് വരെയാണ് ഹര്‍ത്താല്‍.

Top