അറയ്ക്കല്‍ ഗോപിയുടെ കൊല; ഞെട്ടിക്കുന്ന കുറ്റകൃത്യം വിവരിച്ച് പ്രതി

അടിമാലി: കുരിശുപാറ അറയ്ക്കല്‍ ഗോപിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഒഡീഷ സ്വദേശി രാജ് കുമാറിനെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പു നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക, കൊലപാതകത്തിന് ശേഷം ചോര കറ കഴുകിയ സ്ഥലം, വീട് പൂട്ടി സ്ഥലം വിടുമ്പോള്‍ താക്കോല്‍ ഉപേക്ഷിച്ച പുഴയോരം എന്നിവ പ്രതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരിച്ചു നല്‍കി.

പൊലീസ് പറയുന്നത് ഇങ്ങനെ:

മുന്‍ നിശ്ചയിച്ച പ്രകാരം ഉഴവൂരില്‍ നിന്ന് ശനിയാഴ്ച രാത്രിയോടെ ഗോപിയുടെ വീട്ടില്‍ എത്തിയ പ്രതി ഗോപി ഉറങ്ങിയെന്ന് ഉറപ്പു വരുത്തിയതോടെ മുറിയിലുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് മുഖത്തിടിച്ചു. വീട് പുറത്തു നിന്ന് പൂട്ടിയ ശേഷം താക്കോല്‍ കുരിശുപാറ പുഴയോരത്ത് ഉപേക്ഷിച്ചു. മൂന്നരപ്പവന്‍ വരുന്ന സ്വര്‍ണമാല കാണാതായിട്ടുണ്ട്.

എന്നാല്‍ വീട്ടില്‍ നിന്ന് ഒരു ജോഡി കമ്മല്‍, രണ്ടര കിലോ കുരുമുളക്, നാണയത്തുട്ടുകള്‍ സൂക്ഷിക്കുന്ന കുടുക്ക എന്നിവ മാത്രമാണ് കിട്ടിയതെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. അടിമാലി സിഐ സി.എസ്. ഷാരോണ്‍, എസ്‌ഐ മാര്‍ സജി എന്‍. പോള്‍, സി.ആര്‍. സന്തോഷ്, സിപിഒ എം.യു. അജിത് എന്നിവരുടെ സംഘമാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്.

 

Top